തേങ്ങക്ക് പകരം ബോംബ്; തലശ്ശേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു; സ്‌ഫോടനം പറമ്പില്‍ നിന്നും ലഭിച്ച വസ്തു തുറക്കാന്‍ ശ്രമിക്കുമ്പോള്‍

കണ്ണൂര്‍ തലശ്ശേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി ആയിനാട്ട് സ്വദേശി വേലായുധനാണ് മരിച്ചത്. എണ്‍പത്തിനാല് വയസ്സായിരുന്നു.ഒഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കുന്നതിനിടെ ലഭിച്ച വസ്തു തുറന്ന് നോക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്.
പറമ്പില്‍ നിന്ന് ലഭിച്ച വസ്തു തറയില്‍ അടിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. സ്ഥിരമായി ഈ പറമ്പില്‍ എത്തുന്നയാളായിരുന്നു വേലായുധന്‍. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സ്‌ഫോടനം നടന്ന പറമ്പ്. ഭരണസമിതി യോഗം നടക്കുന്നതിനിടെ സ്‌ഫോടനശബ്ദം കേട്ടെത്തിയ പഞ്ചായത്ത് അംഗങ്ങളാണ് വേലായുധനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ വയോധികന്‍ മരിച്ചിരുന്നു. വേലായുധന്റെ ഇരുകൈകളും ചിന്നിച്ചിതറിപ്പോയിരുന്നു.
സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോംബ് സക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. റേഞ്ച് ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here