ബെംഗളൂരുവിൽ വീണ്ടും ബോംബ് ഭീഷണി; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉൾപ്പെടെ ഇമെയിൽ സന്ദേശം, 20കോടി വേണമെന്ന് ആവശ്യം

ബെംഗളൂരു: രാമേശ്വരം കഫേയിൽ സ്ഫോടനം നടന്ന് ദിവസങ്ങൾ കഴിയും മുൻപ് ബെംഗളൂരുവിൽ വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവരുടെ ഇമെയിൽ ഐഡികളിലേക്കാണ് സന്ദേശം വന്നത്. ശനിയാഴ്ച ഉച്ചക്ക് സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഷാഹിദ് ഖാൻ എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് സന്ദേശം വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അമ്പലങ്ങൾ, ഭക്ഷണശാലകൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങി ആൾത്തിരക്കുള്ള ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. 20 കോടി രൂപ നൽകിയാൽ സ്ഫോടനം ഒഴിവാക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഭീഷണിയെത്തുടർന്ന് നഗരത്തിൽ പോലീസ് പരിശോധന വ്യാപകമാക്കി.
മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടായത്. ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും ഉൾപ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ദുരന്തം ഉണ്ടായത്. ബാഗുമായി എത്തിയ ഒരാൾ കഫേയിൽ ബാഗ് ഉപേക്ഷിച്ച് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here