വ്യാജ ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാന കമ്പനികള്‍; 48 മണിക്കൂറിനിടെ 12 സംഭവങ്ങള്‍; യാത്രക്കാര്‍ക്കും ബുദ്ധിമുട്ട്
വ്യാജ ബോംബ് ഭീഷണിയില്‍ വലഞ്ഞ് രാജ്യത്തെ വിമാന സര്‍വീസുകള്‍. രണ്ടു ദിവസത്തിനിടെ 24 ഭീഷണി സന്ദേശങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് പലപ്പോഴും ഇത്തരം ഭീഷണി എത്തുന്നത്. ഇതോടെ വിമാനം തിരികെ ഇറക്കി പരിശോധന നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി വീണ്ടും സര്‍വ്വീസ് നടത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് യാത്രക്കാരാണ്.
ഇന്നലെ രാത്രി മുംബൈ ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. 200 യാത്രക്കാരുമായി വിമാനം പറന്ന് ഉയര്‍ന്ന ശേഷമാണ് ട്വീറ്റിലൂടെ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടു. അടിയന്തര ലാന്‍ഡിങ് നടത്തി വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. ഇന്ന് രാവിലെയാണ് വിമാനത്തിന്റെ സര്‍വ്വീസ് നടത്താനായത്.
ഡല്‍ഹി ബെംഗളൂരു വിമാനവും ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു. മുംബൈയില്‍ നിന്ന് പുറപ്പെട്ട മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് സമാനമായ ഭീഷണി നേരിടേണ്ടി വന്നു. നിരന്തരം ഇത്തരം ഭീഷണി സന്ദേശം എത്തുന്നതില്‍ കേന്ദ്രസര്‍ക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. വിമാനങ്ങളില്‍ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here