വിമാനത്തില്‍ ബോംബെന്ന് വ്യാജസന്ദേശം നല്‍കി അതേ വിമാനത്തില്‍ യാത്രയ്‌ക്കെത്തിയ ആള്‍ കുടുംബസഹിതം പിടിയില്‍

കൊച്ചി ലണ്ടന്‍ വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജസന്ദേശം നല്‍കിയ യാത്രക്കാരന്‍ പിടിയില്‍. ഇന്ന് ഉച്ചയ്ക്ക് സര്‍വ്വീസ് നടത്തേണ്ട എയര്‍ഇന്ത്യയുടെ എഐ149 എന്ന വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിലെ എയര്‍ഇന്ത്യ കോള്‍സെന്ററിലാണ് ബോംബ് ഭീഷണി എത്തിയത്. കോള്‍ സെന്ററില്‍ നിന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തേയും സുരക്ഷാ ഏജന്‍സികളേയും ഇക്കാര്യം അറിയിച്ചത്. ഇതോടെ വിശദമായ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വിമാനം ഒറ്റപ്പെട്ട എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് പോയിന്റിലേക്ക് മാറ്റുകയും സമഗ്രമായ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തിരുന്നു. ബാഗേജുകളടക്കം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ സാഹചര്യത്തില്‍ വിമാനത്തിന് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പമാണ് ഭീഷണിക്ക് പിന്നിലാരെന്ന് കണ്ടെത്താനുള്ള അന്വേഷണവും നടന്നത്. ഇതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മലപ്പുറം സ്വദേശിയായ ഷുഹൈബിലായിരുന്നു ഈ അന്വേഷണം എത്തിയത്. യാത്രയ്ക്കായി എത്തിയ ഷുഹൈബിനെയും ഭാര്യയേയും മക്കളേയും സിഐഎസ്എഫ് പിടികൂടി. അന്താരാഷ്ട്ര ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗ്രൂപ്പ് ഇവരെ തടഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടികള്‍ക്കുമായി പൊലീസിന് കൈമാറിയിട്ടുണ്ട്.
എയര്‍ഇന്ത്യ വിമാനത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായതിലെ പ്രതികാരത്തിനാണ് ബോംബ് ഭീഷണി നടത്തിയതെന്നാണ് യുവാവ് മൊഴി നല്‍കിയതെന്നാണ് സൂചന. ഭക്ഷ്യ വിഷബാധയേറ്റ കാര്യം എയര്‍ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. മാത്രമല്ല മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് അധിക തുക ആവശ്യപ്പെട്ടതുമാണ് പ്രകോപനമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here