പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത് 19 വർഷം തടവിന് ശേഷം; ബലാത്സംഗക്കേസ് പ്രതിയെ ഉടനടി മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂർത്തിയാകുന്നതിന് മുൻപ് ബലാത്സംഗ കുറ്റത്തിന് തടവിലായ പ്രതിക്ക് 19 വർഷത്തിന് ശേഷം മോചനം. മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 2005ലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാൽ കൃത്യം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ശിക്ഷ വിധിച്ച സമയം കോടതിയിൽ അറിയിച്ചിരുന്നില്ല.
അയൽവാസിയായ മൂന്ന് വയസുകാരിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രതി ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 14 വർഷം തടവ് അനുഭവിച്ച ശേഷം 2019ൽ ഇയാൾ ജയിൽ മോചനത്തിനായി മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചെങ്കിലും കുറ്റത്തിന്റെ കാഠിന്യം കണക്കിലെടുത്ത് അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
കൃത്യം നടക്കുമ്പോൾ പ്രതിക്ക് 16 വയസും 9 മാസവും മാത്രമായിരുന്നു പ്രായം. ഇത് തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചു. പ്രതി പഠിച്ച ഉത്തർപ്രദേശിലെ പ്രൈമറി സ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ വസ്തുത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം പോലീസ് പരിശോധന നടത്തി കുറ്റകൃത്യം നടത്തുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഉടനെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്തവർ ഇത്തരം കുറ്റങ്ങൾ ചെയ്താൽ മൂന്ന് വർഷം വരെയോ അല്ലെങ്കിൽ പ്രായപൂർത്തിയാകും വരെയോ സ്പെഷ്യൽ ഹോമിൽ അയക്കണം. പ്രതി ഈ കാലാവധിയിലുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാലാണ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. പ്രതിയെ കുറ്റവിമുക്തനാക്കുകയല്ല മറിച്ച് ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ മോചിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here