തലസ്ഥാനത്ത് നാടൻ ബോംബേറ്; യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരുക്ക് ഗുരുതരം

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെയും ആളുകൾക്ക് നേരെയും നാടൻ ബോംബേറ്. രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്കാണ് പരുക്കേറ്റത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായ അർഷിദിൻ്റെ പരുക്ക് ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹുസൈൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘമാണ് നാടൻ ബോംബെറിയുകയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കഠിനംകുളം പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ചിറയിൻകീഴ് സ്വദേശി ആകാശ്, ആറ്റിങ്ങൽ സ്വദേശി അബ്ദുൾ റഹ്മാൻ, നഗരൂർ സ്വദേശി സഫീർ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
അതേസമയം, ഇന്നലെ ഉച്ചയോടെ കാറിലെത്തിയ അക്രമി സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഇവർ രാത്രിയിലെത്തി ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here