ചിന്ത ഉപേക്ഷിച്ച ‘അറിയപ്പെടാത്ത ഇഎംഎസ്’ പുറത്തിറക്കി മന്ദാരം; അപ്പുക്കുട്ടൻ വള്ളിക്കുന്നിൻ്റെ പുസ്തകം വീണ്ടും

കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെക്കുറിച്ചുള്ള ‘അറിയപ്പെടാത്ത ഇഎംഎസ്’ എന്ന പുസ്തകം സ്വതന്ത്ര പ്രസിദ്ധീകരണശാല വഴി വീണ്ടും വരുന്നു. ഇടത് നിയന്ത്രണത്തിലുള്ള ശക്തി പബ്ളിക്കേഷനും പിന്നീട് ചിന്തയുമാണ് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്ന് 1984 ൽ എഴുതിയ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്. പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി ഉണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് എഴുത്തുകാരനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതോടെയാണ് പാർട്ടി ബന്ധമുള്ള പ്രസിദ്ധീകരണ കമ്പനികളും പുസ്തകത്തെ കൈവിട്ടത്. തിരുവനന്തപുരത്തെ മന്ദാരം പബ്ളിക്കേഷൻസാണ് ഇപ്പോൾ പുസ്തകം ഇറക്കുന്നത്.

ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കുറിച്ചുള്ള പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചതിൻ്റെ നാൽപതാം വർഷത്തിൽ പാർട്ടി ബന്ധമില്ലാത്ത പ്രസാധകരിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ദേശാഭിമാനി വാരികയിലാണ് 1984 ജൂൺ 13 മുതൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ‘ഇഎംഎസിന് 75’ എന്ന പേരിൽ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഖണ്ഡ:ശയായി തുടങ്ങിയ പരമ്പരയാണ് പിന്നീട് ‘അറിയപ്പെടാത്ത ഇഎംഎസ്’ എന്ന പുസ്തകമായി പരിണമിച്ചത്. 1987ലാണ് പുസ്തകം ആദ്യം പുറത്തിറങ്ങിയത്.

ഇഎംഎസ് തൻ്റെ ആത്മകഥയിൽ വെളിപ്പെടുത്താതിരുന്ന ഒരുപാട് വിവരങ്ങൾ ഉൾപ്പെടുത്തിയ ഗ്രന്ഥമായിരുന്നു അപ്പുക്കുട്ടൻ എഴുതിയത്. അതിനായി വിപുലമായ യാത്രകളും ഗവേഷണങ്ങളും നടത്തിയാണ് വ്യത്യസ്ത തലത്തിലൂടെ ഇഎംഎസിനെ അദ്ദേഹം അവതരിപ്പിച്ചത്. ഇഎംഎസിന് കുഞ്ചു എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു എന്ന കാര്യം മലയാളികൾ അറിയുന്നത് ഈ പുസ്തകത്തിലൂടെ ആണ്. അങ്ങനെ വായനക്കാർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച പുസ്തകമായി ‘അറിയപ്പെടാത്ത ഇഎംഎസ്’. 1989ൽ സാഹിത്യ അക്കാദമിയുടെ അവാർഡും നേടി.

1998ൽ സിപിഎമ്മിൻ്റെ പാലക്കാട് സമ്മേളനത്തിന് ശേഷം അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അതോടെ അറിയപ്പെടാത്ത ഇഎംഎസിൻ്റെ വിൽപനയും ഏതാണ്ട് നിലച്ച മട്ടായി. പിന്നെ ചിന്തയോ ദേശാഭിമാനിയോ അറിയപ്പെടാത്ത ഇഎംഎസിൻ്റെ പതിപ്പുകൾ അടിച്ചിറക്കാതെയായി. അപ്പുക്കുട്ടനോടുള്ള വിരോധം നിമിത്തം ഏറെ വായനക്കാരുണ്ടായിരുന്ന പുസ്തകത്തെ തന്നെ പാർട്ടി കുഴിച്ചുമൂടിയെന്ന് ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.

സിപിഎമ്മിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ചിന്ത പുറത്തിറക്കിയ പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകമാണ് ‘അറിയപ്പെടാത്ത ഇഎംഎസ്’. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി മാർക്കറ്റിൽ ഇല്ലാത്ത പുസ്തകം മാധ്യമ പ്രവർത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം നേതൃത്വം നൽകുന്ന മന്ദാരം പബ്ളിക്കേഷൻസ് ആണ് വീണ്ടും പുറത്തിറക്കുന്നത്. കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളുടെ ചരിത്രത്തിലേക്കുള്ള ഒരു കണ്ണാടിയാണ് അറിയപ്പെടാത്ത ഇഎംഎസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top