തൻ്റെ ടോയ്‌ലറ്റില്‍ നെതന്യാഹു ബഗ്ഗിംഗ് ഡിവൈസ് വച്ചു; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ചാരവൃത്തി ആരോപണവുമായി ബ്രീട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2017ൽ നടത്തിയ കൂടിക്കാഴ്ചക്കിടയിൽ തൻ്റെ ശുചിമുറിയിൽ ശ്രവണ ഉപകരണം (ബഗ്ഗിംഗ് ഡിവൈസ്) വച്ചുവെന്നാണ് ബോറിസ് ജോൺസൻ്റെ ആരോപണം. നേതന്യാഹു ശുചിമുറി ഉപയോഗിച്ച ശേഷമാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചാരവൃത്തിക്കും കുറ്റാന്വേഷണങ്ങൾക്കുമാണ് സാധാരണ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. ടെലിഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാൻ ഇതു വഴി സാധിക്കും. ബോറിസ് ജോൺസൺ പുതിയ പുസ്തകം ‘അൺലീഷ്ഡ്’, ഒക്ടോബർ 10 ന് പ്രകാരം ചെയ്യാനിരിക്കെയാണ് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ 2017ൽ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് സംഭവം നടന്നതെന്നും ജോൺസൺ പറഞ്ഞു.
“അന്ന് നടന്നത് ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. അതിനിടയിൽ ശുചിമുറി ഉപയോഗിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. രാഷ്ട്രനേതാവായതിനാൽ രഹസ്യഅനക്സിലെ ശുചിമുറി അനുവദിച്ചു. അദ്ദേഹം ശുചിമുറി ഉപയോഗിച്ച് മടങ്ങിയ ശേഷം നടത്തിയ സുരക്ഷാ പരിശോധനയിലാണ് ബഗ്ഗിംഗ് ഡിവൈസ് കണ്ടെത്തിയത്” – എന്നാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയുടെ ആരോപണം.
2018ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റിനെയും ലക്ഷ്യംവച്ച് ചാരപ്രവ്യത്തി ഇസ്രയേൽ നടത്തിയിരുന്നു. വൈറ്റ് ഹൗസിൽ ഉപകരണം വച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ അമേരിക്കയിൽ ചാരവൃത്തി നടത്തരുത് എന്നാണ് ഇസ്രയേൽ നയമെന്നും പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു ആരോപണങ്ങളെ തള്ളിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here