മേരി കോം വിരമിച്ചിട്ടില്ല; വാര്‍ത്തകള്‍ തെറ്റ്, വാക്കുകള്‍ വളച്ചൊടിച്ചത്

ഡല്‍ഹി: ‘മാഗ്നിഫിസന്‍റ് മേരി ഇടി മതിയാക്കി’, ‘വിരമിക്കല്‍ പ്രഖ്യാപിച്ച് മേരി കോം’ മുഖ്യധാര മാധ്യമങ്ങളുടെ ഇത്തരം തലക്കെട്ടുകള്‍ തള്ളിക്കൊണ്ട് മേരി കോം രംഗത്ത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ എല്ലാവരേയും അറിയിക്കാമെന്നും മേരി കോം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദീബ്രുഗഡിലെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെ മേരി കോം പറഞ്ഞ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്. “എന്തും നേടിയെടുക്കാനുള്ള ആവേശവും കരുത്തും എനിക്ക് ഇപ്പോഴും ഉണ്ട്. എന്നാല്‍ ഒളിമ്പിക്സിലുള്ള പ്രായപരിധി എന്നെ തടയുന്നു. ഫിറ്റ്നസ് ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. വിരമിക്കാന്‍ സമയം ആകുമ്പോള്‍ എല്ലാവരെയും അറിയിക്കാം” മേരി കോം പറഞ്ഞത് ഇങ്ങനെ.

രാജ്യാന്തര ബോക്സിങ് അസോസിയേഷന്‍ നിയമപ്രകാരം 40 വയസ് വരെ മാത്രമെ എലീറ്റ് ലെവല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കു. 41 വയസുകാരിയായ മേരിക്ക് ഈ വര്‍ഷത്തെ പാരിസ് ഒളിമ്പിക്സില്‍ മത്സരിക്കാനാകില്ല.

ആറ് ലോക കിരീടങ്ങളുള്ള ആദ്യ വനിതാ ബോക്സറായ മേരി കോം കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതകളില്‍ ഒരാളാണ്. 2014 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത ബോക്സറായി ചരിത്രം സൃഷ്ടിച്ചു. 2012ലെ ഒളിംപിക്സില്‍ വെങ്കലം നേടിയതാണ് കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല്. 2016 മുതല്‍ 2022 വരെ രാജ്യസഭാംഗം കൂടിയായിരുന്നു മേരി. പത്മശ്രീ, പത്മ ഭൂഷന്‍, പത്മ വിഭൂഷന്‍ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം മേരിയെ ആദരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top