ഇന്ത്യന്‍ വിമാനം ഉപയോഗിക്കരുതെന്ന് പ്രസിഡന്റ്; മാലിദ്വീപില്‍ രോഗിയായ 14കാരന്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ ഡോണിയര്‍ വിമാനം എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മാലിദ്വീപില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിച്ച് ഇന്ത്യ നല്‍കിയ ഡോണിയര്‍ വിമാനമാണ് ഇത്തരം അടിയന്തര സന്ദര്‍ഭങ്ങളില്‍ മാലിദ്വീപ് ഉപയോഗിച്ചു വരുന്നത്.

ബ്രെയിന്‍ ട്യൂമറിനു പിന്നാലെ മസ്തിഷ്‌കാഘാതം ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ 8:30നാണ് ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തതെന്ന് മരിച്ച കുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ മസ്തിഷ്‌കാഘാതം സംഭവിച്ച് 16 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ മുഹമ്മദ് മുയിസു അധികാരമേറ്റതിനു ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിത്തുടങ്ങിയിരുന്നു. മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തുരത്തും എന്നായിരുന്നു ചൈന അനുകൂലിയായ മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ധാനം. ഇതിനുപുറമെ മുയിസു മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വിഷയം വഷളാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീര്‍ക്കാന്‍ ആളുകള്‍ സ്വന്തം ജീവന്‍ പണയം വെക്കേണ്ടതില്ലെന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലദ്വീപ് എംപി മീകെയില്‍ നസീം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top