‘ഭ്രമയുഗം’ ഫാന്‍സ് ഷോകളുടെ സമയക്രമമായി; ഫെബ്രുവരി 15ന് ഇന്ത്യയിലും വിദേശത്തും പ്രത്യേക പ്രദർശനങ്ങൾ

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തുകയാണ്. പോസ്റ്ററുകളും ടീസറും ട്രെയിലറും കണ്ട് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ തിയറ്ററിലേക്കെത്തുന്നത്. റിലീസ് ദിനം രാവിലെ ഏഴ് മണിക്ക് ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിക്കും.

എഴ് മണിക്കും, ഏഴരയ്ക്കുമായി രണ്ട് ഫാന്‍സ് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തിലാണ് ചിത്രം റിലീസിനെത്തുന്നത്. യുകെയില്‍ രാവിലെ എട്ട് മണിക്കും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്.

22ല്‍ അധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. യുകെ, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ റിലീസ് ഉണ്ടാകും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.

ദുരൂഹത നിറഞ്ഞ ഒരു മനയുടെ ഉടമയായ കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതൊരു നെഗറ്റീവ് കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘ഭ്രമയുഗ’ത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top