മമ്മൂട്ടിയെ കൊതിപ്പിച്ച ‘ഭ്രമയുഗം’; ചിത്രത്തിന് മെഗാസ്റ്റാര്‍ കൈകൊടുത്തതിന്റെ മൂന്ന് കാരണങ്ങള്‍

അഭിനയജീവിതത്തില്‍ കൂടുതല്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒന്നിനു പുറകെ ഒന്നായി അദ്ദേഹത്തിന്റെ പുതുമയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്നു. അവയെല്ലാം വെള്ളിത്തിരയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കുഞ്ചമന്‍ പോറ്റിയായി മമ്മൂട്ടി എത്തുമ്പോള്‍ എന്തെല്ലാമാണ് സിനിമ കാത്തുവച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയാണ് ആരാധകരില്‍. അടുത്തിടെ റേഡിയോ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയെ ഭ്രമിപ്പിച്ച മൂന്ന് ഘടങ്ങളെക്കുറിച്ച് രാഹുല്‍ സദാശിവന്‍ പറയുകയുണ്ടായി.

തിരക്കഥയുടെ ആദ്യ ആഖ്യാനത്തിന് ശേഷം തന്നെ മമ്മൂട്ടി ‘ഭ്രമയുഗ’ത്തോട് യെസ് പറഞ്ഞതായി സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നു. മൂന്ന് കാര്യങ്ങളാണ് ഏറ്റവും ആദ്യം മമ്മൂട്ടിയോട് പറഞ്ഞതെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ഒന്ന്, ‘ഭ്രമയുഗം’ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരിക്കും. രണ്ട്, മറ്റൊരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ. മൂന്ന്, തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. പരീക്ഷണങ്ങളോട് എപ്പോഴും തുറന്ന മനസ്സുള്ള താരത്തെ ആകര്‍ഷിച്ചതും ഇതു തന്നെ.

കുഞ്ചമന്‍ പോറ്റിയാകാന്‍ മമ്മൂട്ടി തീരുമാനിച്ചത് ‘ഭ്രമയുഗം’ ടീമിന് മാത്രമല്ല, സിനിമ മേഖലയിലെ മറ്റുള്ളവര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാകേണ്ടിയിരുന്ന ആസിഫ് അലി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ഈ ചിത്രത്തിനോട് മമ്മൂട്ടി സമ്മതം മൂളും എന്ന് കരുതിയിരുന്നില്ല എന്നാണ്.

ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയറ്റുകളില്‍ എത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘ഭൂതകാല’ത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top