മമ്മൂട്ടി ദുര്‍മന്ത്രവാദിയായി ‘ഭ്രമയുഗ’ത്തിൽ; സെന്‍സര്‍ വിവരങ്ങള്‍ക്കൊപ്പം കഥയും പുറത്ത്; റിലീസ് ഫെബ്രുവരി 15ന്

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഇതുവരെ കാണാത്ത വേഷത്തിലായിരിക്കും ഈ ഹൊറര്‍ ത്രില്ലറില്‍ കാണാനാകുക എന്നാണ് തുടക്കംമുതലുള്ള അഭ്യൂഹങ്ങള്‍. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകനാണ് മറ്റൊരു മുഖ്യവേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ക്കൊപ്പം കഥയെക്കുറിച്ചുള്ള സൂചനകള്‍കൂടി പുറത്തുവന്നിരിക്കുകയാണ്.

തന്ത്രവും മായയും നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ‘ഭ്രമയുഗം’. അടിമക്കച്ചവടം നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ, പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി ഗായകന്‍ ദുരൂഹത നിറഞ്ഞ ഒരു മനയിലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അവിടം മുതല്‍ തേവന്റെ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

ദുരൂഹത നിറഞ്ഞ ഈ മനയുടെ ഉടമയായ കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതൊരു നെഗറ്റീവ് കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥകളിയിലെ കത്തിവേഷത്തിന് സമാനമായാണ് പുറത്തിറങ്ങിയ പോസ്റ്ററുകളിലൊന്നില്‍ മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്ററില്‍ തലയോട്ടികള്‍ക്കും അസ്ഥികൂടങ്ങള്‍ക്കും മുന്നിലിരുന്ന് പൂജ ചെയ്യുന്ന കുഞ്ചമന്‍ പോറ്റിയെയും കാണാം. ഇതില്‍നിന്നു മമ്മൂട്ടി കഥാപാത്രം ഒരു ദുര്‍മന്ത്രവാദിയാണെന്നാണ് മനസിലാക്കാനാകുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ‘ഭൂതകാല’ത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം. സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top