മമ്മൂട്ടിക്ക് കയ്യടിക്കാൻ വീണ്ടുമൊരു കാരണം: ഭ്രമയുഗം; ആദ്യദിനം മികച്ച അഭിപ്രായം നേടി രാഹുൽ സദാശിവൻ്റെ ബ്ലാക്ക്&വൈറ്റ് ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ രാവിലെ എഴുമണി മുതൽ ഫാൻസ് ഷോകളുമായി പ്രദർശനം തുടങ്ങി. 2024ല്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്ന ചിത്രം കൂടിയാണ് ‘ഭ്രമയുഗം’. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച രാഹുല്‍ സദാശിവനാണ് സംവിധായകന്‍ എന്നതാണ് പ്രതീക്ഷയുടെ മറ്റൊരു കാരണം. മമ്മൂട്ടിയോ രാഹുലോ ആ പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് ഷോകള്‍ കഴിഞ്ഞപ്പോള്‍ തൊട്ട് സോഷ്യല്‍ മീഡിയയില്‍ റിവ്യൂകള്‍ വരാന്‍ തുടങ്ങി. മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമില്‍ ആണെന്നും ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയത് നല്ല തീരുമാനമായെന്നും കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുതല്‍ എക്‌സ് പ്ലാറ്റ്‌ഫോമിലും മറ്റും പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു തുടങ്ങി. ‘മരണമാസ് വില്ലന്‍’ എന്നാണ് ചിലര്‍ മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളെക്കുറിച്ചും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ അസാധാരണമായ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ് കൊടുമണ്‍ പോറ്റി എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ലോക ക്ലാസിക് നിലവാരത്തിലുള്ള സിനിമയും പ്രകടനങ്ങളും എന്ന് മറ്റുചിലര്‍ പറയുന്നു. ‘ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്‍’ എന്നാണ് ഒരു പോസ്റ്റില്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റൊരു മലയാള സിനിമയിലും ഇത്രയധികം പൈശാചികത കണ്ടിട്ടില്ല എന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും നിര്‍മിച്ച ‘ഭ്രമയുഗം’ തന്ത്രവും മായയും നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ‘ഭ്രമയുഗ’ത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top