പോക്സോ അട്ടിമറി മുമ്പേ അറിഞ്ഞു; മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ റിപ്പോർട്ട് ഉന്നതർ അവഗണിച്ചു; നിർണായക വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റിന്

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുമ്പേ ശ്രദ്ധയിൽപെട്ടിട്ടും പോലീസ് ഉന്നതർ അവഗണിച്ചതാണെന്ന് വ്യക്തമാകുന്നു. ശാസ്ത്രീയ പരിശോധനകൾ യഥാസമയം നടത്തിയില്ല എന്നതടക്കം വ്യക്തമാക്കുന്ന റിപ്പോർട്ട് മുല്ലപ്പെരിയാർ ഡിവൈഎസ്പിയാണ് ഇടുക്കി എസ്പിക്കും ഡിജിപിക്കും നൽകിയത്. മുല്ലപ്പെരിയാറിലേക്ക് നിയോഗിക്കപ്പെട്ട സിഐ അടക്കം അഞ്ചു പോലീസുകാർ വണ്ടിപ്പെരിയാർ പോക്സോ കേസിൻ്റെ അന്വേഷണത്തിനെന്ന പേരിൽ സ്റ്റേഷനിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണെന്നും ഇത് ശരിയായ കീഴ്‌വഴക്കം അല്ലെന്നും ചൂണ്ടിക്കാട്ടി ഈ വർഷം ഫെബ്രുവരിയിൽ അയച്ച റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങളുള്ളത്. വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

വണ്ടിപ്പെരിയാറിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം ശാസ്ത്രിയ തെളിവുകളുടെ അഭാവം ആണ്. കൊല നടന്നതിൻ്റെ അടുത്ത ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ചത്, വിരലടയാളം പോലെ നിർണായക തെളിവുകൾ ശേഖരിച്ചില്ല തുടങ്ങിയ വീഴ്ചകൾ വിധിപകർപ്പിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇതേ വീഴ്ചകൾ പത്തുമാസം മുമ്പ് പോലീസ് ഉന്നതർക്ക് മുല്ലപ്പെരിയാർ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരുന്നു. ഈ കേസിൽ സയൻ്റിഫിക് അസിസ്റ്റൻ്റ് ഉൾപ്പെടെയുള്ളവരുടെ സേവനം കേസ് റജിസ്റ്റർ ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് ഡിവൈഎസ്പി ചൂണ്ടിക്കാട്ടിയത്. “ഈ കേസിൽ കുറ്റകൃത്യം കണ്ട സാക്ഷികളുടെ മൊഴികളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന് അറിയുന്നു. അങ്ങനെയൊരു കേസിൽ ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പോലീസുകാരുടെ ജോലി എന്താണ്?” കേസിൻ്റെ പേര് പറഞ്ഞ് മറ്റ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന അന്വേഷണ സംഘത്തിൻ്റെ വീഴ്ചകൾ കൃത്യമായി ചൂണ്ടിക്കാട്ടി അയച്ച റിപ്പോർട്ടിൽ ഡിവൈഎസ്പി ചോദിക്കുന്നു.

“പോക്‌സോ കേസ് ഉണ്ടാകുമ്പോൾ വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടി.ഡി.സുനിൽ കുമാർ, കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം മുല്ലപ്പെരിയാറിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു. പ്രമോഷൻ അടുത്തിരിക്കെ പ്രധാന ജോലികളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ഉദ്ദേശ്യം. മുല്ലപ്പെരിയാറിൽ എത്തിയ ശേഷം നേരത്തെ അന്വേഷിച്ച പോക്സോ കേസിൽ പ്രോസിക്യൂട്ടറെ സഹായിക്കാനെന്ന പേരിൽ സ്റ്റേഷൻ ജോലിയിൽ നിന്ന് പൂർണ ഇളവ് വാങ്ങി. പ്രോസിക്യൂട്ടറെ സ്വാധീനിച്ച് എസ്പിക്ക് കത്തുനൽകിയാണ് ഇത് സാധിച്ചത്. നൈറ്റ് ഡ്യൂട്ടി, മകരവിളക്ക് ഡ്യൂട്ടി പോലെ എല്ലാത്തിൽ നിന്നും മാസങ്ങളോളം ഇങ്ങനെ ഒഴിവായി. എന്നാൽ പ്രോസിക്യൂട്ടർ അവധിയായിരുന്ന മാസങ്ങളിൽ പോലും സിഐ അടക്കം അഞ്ച് പോലീസുകാരും സ്റ്റേഷൻ ജോലിയിലേക്ക് തിരികെയെത്തിയില്ല. ഞായറാഴ്ചകളിൽ പോലും പ്രോസിക്യൂട്ടറുടെ ഓഫീസിൽ ജോലി ചെയ്തതായാണ് ഉദ്യോഗസ്ഥർ സ്വയം വീക്കിലി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഒറ്റ കേസിലേക്കായി ഉദ്യോഗസ്ഥരെ ഇങ്ങനെ പൂർണമായി മാറ്റിനിർത്തുന്ന സാഹചര്യം പോലീസിൽ ഒരിടത്തുമില്ല. ഇത് കീഴ്‌വഴക്കമായാൽ സംസ്ഥാനത്തെ പല സ്റ്റേഷനുകളും സ്തംഭിക്കും.” ഇങ്ങനെ വിശദമായി തന്നെ സാഹചര്യം ഡിവൈഎസ്പി അന്ന് മേലുദ്യോസ്ഥരെ ധരിപ്പിച്ചിരുന്നു. ആരും നടപടിയെടുത്തില്ല. എന്നാൽ ഇങ്ങനെയെല്ലാം മാസങ്ങളോളം അഞ്ച് പോലീസ് ഉദ്യോഗസ്ഥർ മറ്റൊരു ജോലിയും ചെയ്യാതെ മുഴുവൻ സമയവും ചിലവിട്ട് നടത്തിയ അന്വേഷണമാണ് ഇപ്പോൾ സംസ്ഥാന പോലീസിനും സർക്കാരിനും തലവേദനയായിരിക്കുന്നത്.

ശാസ്ത്രീയ തെളിവുകൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് വീണ്ടെടുക്കാൻ കഴിയുന്നതല്ല എന്നിരിക്കെ പ്രാരംഭഘട്ടത്തിൽ അന്വേഷണ സംഘം വരുത്തിയ വീഴ്ചകൾക്ക് വലിയ വില തന്നെ കൊടുക്കേണ്ടിവരും. പ്രത്യേകിച്ച് വിരലടയാളം പോലെയുള്ള നിർണായക തെളിവുകൾ നഷ്ട്ടപ്പെട്ട സാഹചര്യത്തിൽ. അവ ശേഖരിക്കാത്തത് എന്തെന്ന് വിസ്താരത്തിനിടെ ചോദിച്ചപ്പോൾ, അതുകൊണ്ട് വലിയ കാര്യമില്ലെന്നും കിട്ടാൻ സാധ്യതയില്ലെന്നും വിരലടയാള വിദഗ്ധൻ പറഞ്ഞുവെന്ന്, ഒഴിഞ്ഞുമാറുന്ന തരത്തിലുള്ള മറുപടിയാണ് സിഐ നൽകിയതെന്ന് വിധിയിൽ കോടതി കൃത്യമായി എടുത്തു പറയുന്നു. ഇതടക്കം കാര്യങ്ങൾ പരിഗണിച്ചാൽ അപ്പീലുമായി പോയാലും മേൽക്കോടതികൾക്കും മറ്റൊന്നും ചെയ്യാനുണ്ടാകില്ല എന്ന് മനസിലാക്കാം. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ റിപ്പോർട്ട് അവഗണിച്ച പോലീസ് ഉന്നതർക്കും ഈ വീഴ്ചയിൽ വ്യക്തമായ പങ്കുണ്ടെന്നും കൂടിയാണ് ഇതോടെ തെളിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top