ഇണചേരാൻ അനുവാദമില്ലാതെ നാട്ടാനകൾ; രണ്ടു പതിറ്റാണ്ടിനിടെ ഒരു ജനനം പോലുമില്ല; കുറ്റിയറ്റ് തീരാറായി നാട്ടാനവർഗം
കേരളത്തിലൊരു നാട്ടാനയ്ക്ക് കുട്ടി ജനിച്ചതായി ഒടുവിൽ കേട്ടത് എന്നാണെന്ന് ഓർമയുണ്ടോ? അങ്ങനെയൊന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?…. ഉണ്ടാകില്ല. ഒരുപാട് ആലോചിച്ച് തലപുകച്ചിട്ട് കാര്യമില്ല. അടുത്ത കാലത്തെങ്ങും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അതാണ് കാര്യം. എന്താണ് അതിന് കാരണമെന്നാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്. ഉത്തരം കേട്ടാൽ അമ്പരന്ന് പോകും…. നാട്ടിലുള്ള ഒറ്റ ആനയെയും ഇണചേരാൻ ഉടമകൾ അനുവദിക്കില്ല. കോടികൾ മറിയുന്ന ആന ബിസിനസിൽ അതൊരു നഷ്ടക്കച്ചവടമാണ്. അതുതന്നെ കാരണം. 18 മുതൽ 22 മാസം വരെ ഗർഭകാലമുള്ള ആന ഗർഭിണിയായാൽ പിന്നെ വിശ്രമം അനുവദിക്കേണ്ടിവരും. തടി പിടിപ്പിക്കാൻ പറ്റില്ല, ഉത്സവ എഴുന്നെള്ളിപ്പ് പറ്റില്ല, എല്ലാം കൊണ്ടും നഷ്ടമെന്നാണ് വിലയിരുത്തൽ. ഫലം, നാട്ടാനകളുടെ വംശം കുറ്റിയറ്റ് തീരാറായി. കേരളത്തിലിനി ആകെ 399 നാട്ടാനകൾ മാത്രമാണ് ഉള്ളത്.
നാട്ടാനകളുടെ ലോകം നാലു പാപ്പാന്മാരുടെ ഇടയിലാണ്. മറ്റ് ആനകളുമായി അടുക്കാതിരിക്കാനുള്ള പരിശീലനം നൽകിയാണ് മെരുക്കുന്നത്. അതുകൊണ്ട് തന്നെ പ്രജനന സമയമാണെങ്കിൽ പോലും പിടിയാനയോട് കൊമ്പൻ ഒരടുപ്പവും കാണിക്കില്ല. സാമൂഹിക ജീവിയായത് കൊണ്ട് തന്നെ ഇണയോടൊപ്പം ഏറെനേരം ചിലവഴിച്ച ശേഷം മാത്രമേ ആനകൾ ഇണചേരാറുള്ളു. അതും സമയനഷ്ടം ആകുമെന്നതിനാൽ ഉടമകൾ അനുവദിക്കാറില്ല.
മദപ്പാടിനെ മരുന്ന് കൊടുത്ത് ഒഴിവാക്കുന്നതും നാട്ടാനകളുടെ കാര്യത്തിൽ വ്യാപകമാണ്. ‘ടെസ്റ്റോസ്റ്റിറോൺ’ എന്ന പുരുഷ ഹോർമോൺ പുറപ്പെടുവിക്കുന്ന പ്രക്രിയയെ ഇങ്ങനെ തടസപ്പെടുത്തുന്നതിന് രണ്ടാണ് ഉദ്ദേശ്യം; മദംപൊട്ടി കുഴപ്പമാകാതിരിക്കുക, ഇണചേരൽ ഒഴിവാക്കുക. കേരളത്തിലെ ഉത്സവസീസണും നാട്ടാനകളുടെ മദപ്പാടിൻ്റെ കാലവും ഒന്നിച്ചായതാണ് ഇവിടെ പ്രധാന കാര്യം. എഴുന്നള്ളിപ്പിന് അയച്ച് നാലുകാശ് ഉണ്ടാക്കാനുള്ള വക മുടക്കിയിട്ട് ആനയുടെ ‘വെൽഫെയർ’ ആരും നോക്കില്ല എന്ന് ചുരുക്കം. എല്ലാത്തിനും പുറമെ കേരളത്തിലെ നാട്ടാനകളിൽ 20 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോൾ പിടിയാനകൾ ഉള്ളത്.
ഇക്കഴിഞ്ഞ ഡിസംബറിൽ ചെങ്ങന്നൂരില്‍ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന കൊമ്പൻ ചരിഞ്ഞതോടെ കേരളത്തിലെ നാട്ടാനകളുടെ എണ്ണം 399 ആയി. കഴിഞ്ഞ കൊല്ലം മാത്രം 25 ആനകളാണ് ചരിഞ്ഞത്. ഇങ്ങനെ പരിഗണിക്കുമ്പോൾ വരുന്ന പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ കേരളത്തിൽ നാട്ടാനകൾ ഇല്ലാതെയാകും. ആനകളെ കെണിയിൽപ്പെടുത്തി പിടികൂടുന്നതും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതും നിരോധിച്ചതോടെ പുതിയ ആനകൾ ഇവിടെയിനി വരില്ല എന്ന് ഉറപ്പാണ്. പ്രധാനമായും കേരളത്തിൽ ആനകളെ ഉപയോഗിക്കുന്നത് ഉത്സവ എഴുന്നള്ളിപ്പുകൾക്കാണ്. മുൻപ് കൊമ്പൻമാരെ മാത്രമാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നതെങ്കിൽ ആനകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇപ്പോൾ പിടിയാനകളെയും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
“വന്യജീവി സംരക്ഷണ നിയമത്തിൽ ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളെ താൽകാലികമായി കൈമാറാൻ ചട്ടം കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് വന്നാലും കേരളത്തിൽ കാര്യമുണ്ടാകില്ല. 2003 ഒക്ടോബർ 18നുള്ളിൽ ഉടമസ്ഥാവകാശം കിട്ടാത്ത ആനകളെ കൈമാറ്റം ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇവിടുള്ള ഒരാനക്കും അതിനു മുൻപ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല”; ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ.വെങ്കിടാചലം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here