കെട്ടിട ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. വൈറ്റില സോണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സുമിനാണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ഓഫീസിന് പുറത്തുവച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയോടെ പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

എറണാകുളം സ്വദേശിയുടെ പേരിലുള്ള കടവന്ത്രയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മിമിക്രി കലാകാര സംഘടനയുടെ പേരിലേക്ക് മാറ്റുന്നതിന് കഴിഞ്ഞ ആഴ്ച വൈറ്റില കോർപ്പറേഷൻ സോണൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി ഇന്നലെ ബുധനാഴ്ച ചെന്നപ്പോൾ സുമിൻ കൈക്കൂലി ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ മധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്ര നാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമാണ് അറസ്റ്റ് നടന്നത്.

വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ വിമൽ, വിനോദ്. സി, സബ് ഇൻസ്പെക്ടർ സണ്ണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഉമേശ്വരൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ്, പ്രിജേഷ്, സിനുമോൻ, ഷിബു എന്നിവരാണ് ഉള്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top