ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി; പരാതി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ; ആരോപണം നിഷേധിച്ച് മന്ത്രി രംഗത്ത്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്നാണ് പരാതിയിലുള്ളത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയപ്പോള്‍ ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. 5 ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു
മന്ത്രിയുടെ ഓഫീസിനാണ് ഹരിദാസന്‍ പരാതി നല്‍കിയത്. ഈ പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിയ്ക്ക് കൈമാറുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസില്‍ മന്ത്രിയുടെ സ്റ്റാഫും പരാതി നല്‍കിയിട്ടുണ്ട്. അഖില്‍ മാത്യുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തുന്നുണ്ട്.
അതേ സമയം ആരോപണം നിഷേധിച്ച് മന്ത്രി വീണ ജോര്‍ജും രംഗത്തെത്തി. ഓഫീസ് സ്റ്റാഫ് പണം വാങ്ങിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. മലപ്പുറം സ്വദേശിയെ അറിയില്ലെന്ന് അഖില്‍ പറഞ്ഞെന്നാണ് വിശദീകരണം. കൈക്കൂലി ആരോപണ പരാതി ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷിക്കട്ടെ എന്നാണ് മന്ത്രി പറഞ്ഞത്.
.ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നാണ് ഹരിദാസൻ പറഞ്ഞത്. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. എന്നാല്‍ ക്രമക്കേടിന് സിഐടിയു പുറത്താക്കിയ ആളാണ് അഖില്‍ സജീവെന്ന് സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരമാണെന്നും എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നുമാണ് സതീശന്‍ ആരോപിച്ചത്. കൈക്കൂലി പരാതി ഞെട്ടിക്കുന്നതാണ്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണ്.
വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കില്‍ പി.എ ഏത് രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ? ഓഫീസില്‍ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേ? ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം-പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here