കൈക്കൂലിക്കേസിൽ നഗരസഭാധ്യക്ഷൻ പുറത്തുപോയത് എൽഡിഎഫിന് വൻതിരിച്ചടി; തൊടുപുഴയിൽ യുഡിഎഫ് വിതമരെ ഒപ്പംകൂട്ടി കൈപൊള്ളി

തൊടുപുഴ നഗരസഭയിൽ യുഡിഎഫ് വിമതൻ സനീഷ് ജോർജിൻ്റെയും മുസ്ലിം ലീഗ് സ്വതന്ത്ര ജെസി ജോണിയുടേയും പിന്തുണയോടെയായിരുന്നു ഇടത് മുന്നണി അധികാരത്തിലേറിയത്. സനീഷ് ജോർജിന് ചെയർമാൻ പദവിയും ജെസി ജോണിക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനവും നൽകിയാണ് ഭരണ അട്ടിമറിക്ക് ഇടതു മുന്നണി അരങ്ങൊരുക്കിയത്. എന്നാൽ കൂറുമാറ്റ നിയമപ്രകാരം ജെസിക്കെതിരെ യുഡിഎഫ് നടപടി ആവശ്യപ്പെട്ടതോടെ ജെസിയുടെ വൈസ് ചെയർപേഴ്സൺ പദവിക്കൊപ്പം കൗൺസിലർ സ്ഥാനവും തെറിച്ചു. ഇപ്പോഴിതാ സനീഷ് ജോർജിന് ചെയർമാൻ സ്ഥാനവും.

ജെസി ജോണി അയോഗ്യയായതിനെ തുടർന്ന് നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സനീഷ് ചെയർമാൻ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ജെസിക്ക് വിനയായത് കൂറുമാറ്റ നിയമമാണെങ്കിൽ സനീഷിന് തിരിച്ചടിയായത് കൈക്കൂലി കേസാണ്. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 35 അംഗ നഗരസഭയിൽ 13 സീറ്റായിരുന്നു യുഡിഎഫിന് ലഭിച്ചത്. 12 സീറ്റിൽ എൽഡിഎഫും, എട്ട് സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് സീറ്റിൽ വിമതരും ജയിച്ചു കയറി. ഇതിൽ നിസ സക്കീർ എന്ന വിമത സ്ഥാനാർഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി യുഡിഎഫ് ഭരണം ഉറപ്പിച്ച സമയത്തായിരുന്നു സനീഷിനെ മുൻനിർത്തിയിട്ടുള്ള അപ്രതീക്ഷിത നീക്കം.

സനീഷ് ജോർജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർഥിയാക്കുകയും മുസ്ലിം ലീഗ് സ്വതന്ത്ര ജെസി ജോണിന്റെ പിന്തുണ ഉറപ്പാക്കുകയും വഴി എൽഡിഎഫിന് 14 സീറ്റും യുഡിഎഫിന് 13 സീറ്റുമായി. ഇതോടെ കപ്പിനും ചുണ്ടിനുമിടയിൽ യുഡിഎഫിന് അധികാരം നഷ്ടമാവുകയായിരുന്നു. 2024 ജനുവരിയൽ ജെസി ജോണിക്കെതിരെ യുഡിഎഫ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. തുടർന്ന് കോടതി വാദം കേട്ടതിനു ശേഷം റിട്ട് അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. ഇതോടെ വൈസ് ചെയർമാൻ സ്ഥാനത്തും കൗൺസിലർ സ്ഥാനത്തും തുടരാൻ ജെസി ജോണി അനർഹയായി മാറുകയായിരുന്നു. ജെസിയുടെ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നാടകീയ നീക്കത്തിലൂടെ നഗരസഭാ ചെയർമാൻ സ്ഥാനത്ത് നിന്ന് സനീഷും രാജിവെക്കുന്നത്. കൗൺസിലർ സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്നാണ് സനീഷിൻ്റെ നിലപാട്. സ്വതന്ത്ര അംഗമായി തുടരാനാണ് തീരുമാനം.

കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ സനീഷ് ഇപ്പോൾ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യത്തിലാണ്. ഇതോടെ സിപിഎമ്മും ഇടതുമുന്നണിയും സനീഷിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് അത് തള്ളുകയായിരുന്നു. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച എൽഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കേയാണ് ചെയർമാൻ്റെ നാടകീയമായ രാജി പ്രഖ്യാപനമുണ്ടായത്. ഇതോടെ നിലവിൽ ജൂലൈ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിനും യുഡിഎഫിനും നിർണായകമായി മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top