‘പുസ്തകത്തിലെ വാചകങ്ങള്‍ വളച്ചൊടിച്ചു, മലയാള മാധ്യമത്തില്‍ വന്ന തലക്കെട്ട് തെറ്റ്’ – ബൃന്ദാ കാരാട്ട്

ഡല്‍ഹി: തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘എന്നെ ഭാര്യ മാത്രമാക്കി’ എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ തലക്കെട്ട് ശരിയല്ലെന്നും തെറ്റിധരിപ്പിക്കുന്നതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

“വാര്‍ത്ത മുഴുവനും വായിച്ചിട്ടില്ല. തലക്കെട്ട് മാത്രമേ കണ്ടിട്ടുള്ളു. വാര്‍ത്തയില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നില്‍ക്കുന്നതും സ്ത്രീകളോട് ബഹുമാനമില്ലാത്ത ചില പാര്‍ട്ടികളില്‍ നില്‍ക്കുന്നതും സംബന്ധിച്ച് എന്റെ പുസ്തകത്തില്‍ എഴുതിയത് വളച്ചൊടിച്ചതാണ്. പുസ്തകം പൊതുയിടങ്ങളില്‍ ലഭ്യമാണ്. അത് വായിച്ചു നോക്കിയാല്‍ ആര്‍ക്കും സത്യം മനസിലാകും” എന്നാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്. നിയമപരമായി നടപടിക്കൊന്നും മുതിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെ ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന തരത്തിലാണ് വാര്‍ത്ത‍ വന്നത്. ‘ആന്‍ എഡ്യൂക്കേഷന്‍ ഫോര്‍ റീത’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് വിവാദത്തിനിടയാക്കിയത്. പുസ്തകത്തിലെ ‘ ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിൽ പ്രകാശ് കാരാട്ട് ഡൽഹി ഘടകം സെക്രട്ടറി ആയിരുന്ന കാലത്ത്, മറ്റൊന്നും നോക്കാതെ പാർട്ടിയിൽ തന്റെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഡൽഹിക്ക് പുറത്ത് ദേശീയതലത്തിൽ കൂടുതൽ ചുമതലകൾ ഏറ്റെടുത്തപ്പോൾ കമ്മ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയം പാർട്ടി പ്രവർത്തക എന്ന തന്റെ സ്വത്വത്തെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചു എന്ന് ബൃന്ദ പറഞ്ഞിട്ടുണ്ടെന്നാണ് മലയാള മനോരമയിൽ വന്ന വാർത്തയിൽ പറയുന്നത്. പ്രകാശ്‌ കാരാട്ടിന്റെ ഭാര്യ എന്ന നിലയില്‍ പാര്‍ട്ടിക്ക് അകത്തു നിന്ന് അവഗണന നേരിട്ടുവെന്നും പുസ്തകത്തില്‍ പറഞ്ഞെന്നായിരുന്നു പ്രചരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top