‘പത്മജ പോയി’ എന്നൊറ്റ വാക്കിൽ പരിഭാഷ; പ്രസംഗത്തിനിടെ അമ്പരന്നുപോയി ബൃന്ദാ കാരാട്ട്, കയ്യടിച്ച് സദസ്; വൈറല്‍ പരിഭാഷയൊരുക്കിയത് കൊല്ലത്തെ അഭിഭാഷകൻ സജി നാഥ്

കൊല്ലം: ദേശീയ നേതാക്കളുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ഭാഷയിലുളള പരിജ്ഞാനം മാത്രം പോരാ. രാഷ്ട്രീയം അറിയണം, അവരുടെ മുൻ പ്രസംഗങ്ങൾ കേട്ട് ഓരോരുത്തരുടെയും ശൈലി മനസിലാക്കിയിരിക്കണം, അവർ സ്വതവേ പ്രയോഗിക്കാറുള്ള ചില നാടൻ ശൈലികളെക്കുറിച്ച് അറിയണം…. അങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. അത് ശ്രദ്ധിക്കാത്തത് കൊണ്ടാണ് ചിലപ്പോഴെല്ലാം പ്രസംഗവും പരിഭാഷയും രണ്ട് വഴിക്കായി പോകുന്നത്. പറയുന്നത് മറ്റാരുമല്ല, ദേശീയ രാഷ്ട്രിയത്തിൽ പോലും ചർച്ചയായിക്കഴിഞ്ഞ, ഇനിയുമേറെ ചർച്ചയാകാനിരിക്കുന്ന പത്മജ വേണുഗോപാലിൻ്റെ കൂറുമാറ്റത്തെ, ‘പത്മജ പോയി’ എന്നൊരൊറ്റ പ്രയോഗത്തിൽ പരിഭാഷപ്പെടുത്തിയ കൊല്ലത്തെ സിപിഎം നേതാവും അഭിഭാഷകനുമായ സജി നാഥാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോഴായിരുന്നു ബൃന്ദയെ തന്നെ വിസ്മയിപ്പിച്ച സജി നാഥിൻ്റെ പ്രകടനം. ഇതിൻ്റെ 20 സെക്കൻഡ് വീഡിയോ വൈറലാകുന്ന പശ്ചാത്തലത്തിലാണ് പരിഭാഷകൻ ആരെന്ന് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്.

“ഞാനിന്ന് കേട്ടു, കേരളത്തിലെ മുൻ മുഖ്യമന്ത്രിയുടെ മകൾ, കോൺഗ്രസിൻ്റെ മുൻ മുഖ്യമന്ത്രിയുടെ മകൾ ബിജെപിയിലേക്ക് പോയിരിക്കുന്നു”; ഇങ്ങനെയാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആശ്ചര്യവും അമ്പരപ്പും കലർത്തിയാണ് ബൃന്ദ വിശദീകരിച്ചുവന്നത്. ഇതിനാണ് ‘പത്മജ പോയി’ എന്നൊരൊറ്റ പ്രയോഗത്തിൽ സജി നാഥ് പരിഭാഷ കൊടുത്തത്. ഒരു നിമിഷം ബൃന്ദ സംശയത്തോടെ പരിഭാഷകനെ നോക്കി. ദാറ്റ്സോൾ, ദേ നോ എവരിത്തിങ് എന്നപ്പോൾ പറഞ്ഞുകൊടുത്തു പരിഭാഷകൻ. അപ്പോഴേക്ക് സദസിൽ നിന്ന് കലക്കൻ കയ്യടിവന്നു. അതോടെ, ഓ, യൂ നോ, നോ നീഡ് ഫോർ ട്രാൻസ്ലേഷൻ എന്ന് പറഞ്ഞ് പ്രസംഗം അതേ വൈബില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു ബൃന്ദ കാരാട്ടിന്.

ഓൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) വ്യാഴാഴ്ച കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. “ആ വീഡിയോ ഇത്ര വൈറലാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ആ രണ്ട് വാക്കുകള്‍ക്ക് ലഭിക്കുന്ന അഭിനന്ദനം ഇപ്പോഴും തുടരുന്നു. പ്രസംഗശേഷം വൃന്ദ കൈയ്യിൽ മുറുക്കിപ്പിടിച്ച് സന്തോഷം പങ്കിട്ടു.” – സജിനാഥ് പറയുന്നു. പരിഭാഷകന്‍റെ പിഴവുകൊണ്ട് പ്രസംഗങ്ങള്‍ അലങ്കോലമാകുമ്പോള്‍ ഇവിടെ പരിഭാഷ കൊണ്ടൊരു ദേശീയനേതാവിൻ്റെ പ്രസംഗം വൈറലാകുകയാണ് ഉണ്ടായിരിക്കുന്നത്.

“മറ്റ് പ്രാസംഗികരെപ്പോലെയല്ല ബൃന്ദ. മുന്‍പും അവരുടെ പ്രസംഗം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പലപ്പോഴും ഭാഷയ്ക്ക് അപ്പുറത്ത് നിന്ന് ബൃന്ദ പ്രസംഗിക്കും. അത് മനസിലാക്കി ആ നിമിഷം ഇങ്ങനെ ലളിതമായി പരിഭാഷപ്പെടുത്തും. ഇത് ബൃന്ദയ്ക്കും ഇഷ്ടമായിരുന്നു”-സജിനാഥ് പറഞ്ഞു. “മുന്‍പും കൊല്ലത്ത് ഒരു പ്രസംഗം കഴിഞ്ഞപ്പോള്‍ അവര്‍ പത്തനംതിട്ടയില്‍ പരിഭാഷ നടത്താന്‍ വിളിച്ചു. പക്ഷെ ഞാന്‍ പോയില്ല. ബൃന്ദയുടെ പ്രസംഗ രീതിയെക്കുറിച്ച് കാരാട്ടിനോട്‌ പറഞ്ഞു. ഒരു ചിരിയായിരുന്നു മറുപടി. അത് വേറെ മോഡ് ആണെന്നും പറഞ്ഞു.”

“ഒരു ദിവസം ബൃന്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ നിന്നപ്പോള്‍ അവര്‍ ഹിന്ദിയില്‍ ബിജെപിക്ക് എതിരെ ജുമല, ജുമല എന്ന് പറഞ്ഞു. എനിക്ക് അര്‍ഥം മനസിലായില്ല. ജുമല ക്യാ ഹെ എന്ന് അവരോട് തിരിച്ച് ചോദിച്ചു. വെട്ടിപ്പ്, വെട്ടിപ്പ് ബിജെപി വെട്ടിപ്പ് ഗവണ്‍മെന്റ് എന്ന് അവര്‍ തന്നെ പറഞ്ഞു. അപ്പോഴും നിറഞ്ഞ കയ്യടിയായിരുന്നു. ഡിവൈഎഫ്ഐയുടെ ദേശീയ സമ്മേളനത്തില്‍ കെഎന്‍ പണിക്കരുടെ പ്രസംഗമാണ് ആദ്യം പരിഭാഷപ്പെടുത്തിയത്. പ്രകാശ്, കാരാട്ട്, സീതാറാം യെച്ചൂരി, സുഭാഷിണി അലി എന്നിവരുടെ പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.” സജിനാഥ് വിശദീകരിച്ചു.

നിലവില്‍ സിപിഎം കൊല്ലം ഈസ്റ്റ് ഏരിയ കമ്മറ്റി അംഗമാണ് സജിനാഥ്. പുകസയുടെ സ്റ്റേറ്റ് കമ്മറ്റിയിലുണ്ട്. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ദേശീയ കമ്മറ്റിയംഗമാണ്. കൊല്ലം, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികളുടെ ചെയര്‍മാനായിരുന്നു. 10 വര്‍ഷം കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു.

Logo
X
Top