കെസിആറിന്റെ കൊടുംചതി, തെലുങ്കാനയില്‍ പെരുവഴിയിലായി ഇടതുപക്ഷം, ഇനി ആശ്രയം കോണ്‍ഗ്രസ് മാത്രം

എസ്.ശ്രീജിത്ത്‌

ഹൈദ്രബാദ് : കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി തെലുങ്കാന മുഖ്യമന്ത്രി കെ.സി.ചന്ദ്രശേഖര്‍ റാവു(കെ.സി.ആര്‍)വിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടത് കക്ഷികളെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിന്ന് ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) ഒഴിവാക്കി. ഇതോടെ നില്‍ക്ക കളളിയില്ലാതായ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസിനൊപ്പം കൂടാന്‍ തെലുങ്കാനയില്‍ ശ്രമം തുടങ്ങി. 119 സീറ്റുകളില്‍ 115 ഇടത്തും ഏകപക്ഷീയമായി ബിആര്‍എസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതോടെയാണ് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പെരുവഴിയിലായത്. ഔദ്യഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും സിപിഐ കോണ്‍ഗ്രസുമായി ഏതാണ്ട് ധാരണയിലെത്തിയെന്നാണ് അറിയുന്നത്. രണ്ട് സീറ്റുകള്‍ സിപിഐയ്ക്ക് നല്‍കാനും സിപിഎമ്മിന് ഒരു സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്.


ഈ വര്‍ഷം ജനുവരിയില്‍ തെലുങ്കാനയിലെ ഖമ്മത്ത് ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎം,സിപിഐ,സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍,പിണറായി വിജയന്‍,അഖിലേഷ് യാദവ്,ഡി.രാജ തുടങ്ങിയവരായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിന് മുന്നോടിയായി നടന്ന പൂജയില്‍ പിണറായി വിജയന്‍ അക്ഷിതം( പൂജാകാര്യങ്ങളില്‍ ഉപയോഗിക്കുന്ന അരിയും മഞ്ഞളും അടങ്ങിയതാണ് അക്ഷിതം) അര്‍പ്പിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മുന്നണിയായി മത്സരിക്കുമെന്ന ധാരണയായിരുന്നു യോഗത്തില്‍ ഉണ്ടായിരുന്നത്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ കെസിആറിന്റെ പാര്‍ട്ടി ഇടത് പാര്‍ട്ടികളെ അറിയിക്കുക പോലും ചെയ്യാതെ 115 സീറ്റുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് സിപിഎമ്മിനും സിപിഐക്കും വന്‍തിരിച്ചടിയായി.


ബിആര്‍എസുമായി ഉപാധികളില്ലാത്ത സഖ്യത്തിലായിരുന്നു ഇടതു പാര്‍ട്ടികള്‍ ഏര്‍പ്പെട്ടിരുന്നത്. പ്രധാനമായും അഞ്ച് സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു സിപിഐ കരുതിയിരുന്നത്. അവരുടെ ശക്തി കേന്ദ്രങ്ങളായ ഹുസൂറാബാദ്,വൈര,കോത്തഗുഡം,മനുഗോഡ,ബെല്ലംപള്ളി എന്നീ സീറ്റുകളാണ് സിപിഐ ചോദിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ സിപിഐ വിജയിച്ചിരുന്ന സീറ്റുകളായിരുന്നു ഇവയെല്ലാം.സിപിഎമ്മും അഞ്ച് സീറ്റുകളിലായിരുന്നു കണ്ണ് വച്ചിരുന്നത്. മിരയാലഗുഡ,പാലയാര്‍, ഭദ്രാചലം,ഇബ്രാഹിം പട്ടണം,മധിര,നാല്‍ഗോണ്ട എന്നിവിടങ്ങളിലായിരുന്നു മത്സരിക്കാന്‍ താല്പ്പര്യപ്പെട്ടത്. പക്ഷേ കെസിആര്‍ ഈ അവകാശവാദങ്ങളൊന്നും പരിഗണിക്കാന്‍ തയാറായില്ല. കഴിഞ്ഞ വര്‍ഷം അവസാനം മനുഗോഡ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ ഇടത് കക്ഷികളുടെ സഹായത്തോടെയാണ് ബിആര്‍എസ് 11000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ചെടുത്തത്. ബിആര്‍എസ് വിജയിച്ചതോടെ ഇടത് കക്ഷികളുമായുള്ള സഖ്യം തുടരുമെന്നും കെസിആര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ സീറ്റ് വിഭജനം വന്നപ്പോള്‍ അതെല്ലാം അട്ടിമറിക്കുന്നതാണ് കണ്ടത്.ഇതോടെ ഗതിയില്ലാതായ ഇടത് കക്ഷികള്‍ കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.


ബിആര്‍എസുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകുമെന്ന ധാരണയില്‍ ഇടത് കക്ഷികള്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം ഉണ്ടാക്കില്ലെന്നായിരുന്നു ഇടത് നേതാക്കളുടെ പ്രഖ്യാപനമത്രയും. എന്നാല്‍ ഈ സ്ഥിതിയെല്ലാം മാറി. ബിആര്‍എസും ബിജെപിയും തമ്മില്‍ അടവുനയം ഉണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കെ.സാംബശിവറാവു അഭിപ്രായപ്പെട്ടത്. രണ്ടാഴ്ച മുമ്പ്‌വരെ പോലും തിരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് ബിആര്‍എസുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ഇടത് പാര്‍ട്ടികള്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് ബിആര്‍എസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കെസിആര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് ടി.വീരഭദ്രം പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top