വെട്ടിയും കുത്തിയും വെടിവച്ചും മാതാപിതാക്കൾ കൊന്നു കൊലവിളിച്ചു; കുട്ടി വീഡിയോ ഗെയിമുമായി തൊട്ടടുത്ത മുറിയിൽ !!

ഒരു ചുവരിനപ്പുറം മാതാപിതാക്കൾ തമ്മിലടിച്ച് മരിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ വീഡിയോ ഗെയിം കളിച്ച് മകൻ. ജുവാൻ അൻ്റോണിയോ അൽവാറാഡോ സാൻസ് (38), സിസിലിയ റോബിൾസ് ഒച്ചോവ (39) എന്നിവരാണ് പരസ്പരം ആക്രമിച്ച് കൊല്ലപ്പെട്ടത്. അൽവാറാഡോ സാൻസ് നെഞ്ചിൽ ഒന്നിലധികം കുത്തേറ്റാണ് മരിച്ചതെന്നാണ് പോലിസ് റിപ്പോർട്ട്. സിസിലിയ റോബിൾസിന് നിരവധി തവണ വെടിയേറ്റിട്ടും ഉണ്ടായിരുന്നു.
ഇവർ തമ്മിൽ വഴക്കുണ്ടാക്കി ഏറ്റുമുട്ടുമ്പോൾ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പതിനൊന്നുകാരൻ മകൻ കാര്യം ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അടുക്കളയിൽ രക്തം വാര്‍ന്നു കിടക്കുന്ന മാതാപിതാക്കളെ കണ്ടെത്തിയപ്പോഴും എന്താണ് സംഭവിച്ചതെന്ന് കുട്ടിക്ക് മനസിലായില്ല.
ഗെയിമിൽ മുഴുകിയിരിക്കുന്ന സമയത്ത് ഇയർബഡ്സ് ധരിച്ചിരുന്നതിനാൽ ചുറ്റും സംഭവിച്ചതൊന്നും കുട്ടി അറിഞ്ഞിരുന്നില്ല. വാഷിംഗ്ടണിലെ ലോംഗ്വ്യൂവിൽ ഒക്ടോബർ 31 നാണ് സംഭവം. ദമ്പതിമാരിൽ ആരാണ് ആദ്യം ആക്രമിച്ചതെന്നോ എന്താണ് കാരണമെന്നോ ഇതുവരെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും അമേരിക്കന്‍ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അടുക്കളയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മാതാപിതാക്കളെ കണ്ടെത്തിയ മകൻ എമർജൻസി നമ്പരായ 911 എന്ന നമ്പറിൽ വിളിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യൂവിലെ ഉദ്യോഗസ്ഥരും ഡോക്ടറും ഉടൻ സ്ഥലത്ത് എത്തി പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഈ സമയം കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
അൽവാറാഡോ സാൻസും റോബിൾസ് ഒച്ചോവയും തമ്മിൽ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും വേർപിരിയാൻ തീരുമാനിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും തോക്കും കണ്ടെടുത്തിട്ടുണ്ട്. തോക്ക് അൽവാറാഡോ സെയ്ൻസ് തൻ്റെ തൊഴിലുടമയിൽനിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: മോസ്റ്റ് വാണ്ടഡ് ഖലിസ്ഥാൻ ഭീകരൻ കാനഡയിൽ പിടിയിൽ; അർഷ് ദല അറസ്റ്റിലെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here