നഗ്നനാക്കി ഫോട്ടോ എടുത്തു; ക്രൂരമായി റാഗ് ചെയ്തു; ധനുവച്ചപുരം കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിക്ക് പീഡനം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ ദളിത്‌ വിദ്യാര്‍ഥിക്ക് നേരെ ക്രൂരപീഡനവും റാഗിംഗും അരങ്ങേറിയതായി പരാതി. ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായാണ് ആരോപണം. എബിവിപി വിദ്യാര്‍ഥികളാണ് സംഭവത്തില്‍ പ്രതിക്കൂട്ടിലുള്ളത്. ഒരു മാസം മുന്‍പ് കോളേജില്‍ ജോയിന്‍ ചെയ്ത ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ബി.ആര്‍.നീരജിനാണ് ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കാധാരമായ സംഭവങ്ങള്‍ നടന്നത്. അന്നേ ദിവസം ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉച്ചയോടെ ബാത്ത്റൂമിന് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. നീരജിനെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആയുര്‍വേദ ചികിത്സയ്ക്കും പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ്‌ അധികൃതര്‍ക്കും പോലീസിനും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച നടന്ന പ്രശ്നങ്ങളില്‍ വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ചില കുട്ടികള്‍ ക്ലാസില്‍ എത്തിയിരുന്നില്ല. അവരോട് സീനിയര്‍ വിദ്യാര്‍ഥിയെ കണ്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് വാട്സ് ആപ്പില്‍ സന്ദേശം നല്‍കിയിരുന്നു. ഈ ദിവസം നീരജും ലീവായതിനാല്‍ ക്ലാസില്‍ കയറാതെ സീനിയര്‍ വിദ്യാര്‍ഥികളേയും പ്രതീക്ഷിച്ച് ക്ലാസിന് പുറത്ത് നിന്നു. ഉച്ചയോടെ എത്തിയ ഇവര്‍ വിദ്യാര്‍ഥിയെ ഒപ്പം കൂട്ടുകയും കോളേജ്‌ ക്യാമ്പസിനകത്തുള്ള ഒരു കുറ്റിക്കാട്ടിനു സമീപം എത്തിച്ചു. തെറി വിളിച്ച ശേഷം ഫോട്ടോ എടുത്തു. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. ഇതില്‍ നടപടി വേണമെന്നാണ് കോളേജ്‌ അധികൃതര്‍ക്ക് നീരജ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇതിനു ശേഷം നീരജിന്റെ മാതാപിതാക്കളും നടപടി ആവശ്യപ്പെട്ട് കോളേജ്‌ പ്രിന്‍സിപ്പലിന് വേറെയും പരാതി നല്‍കിയിട്ടുണ്ട്. ക്രൂരമായ റാഗിംഗിനാണ് മകന്‍ വിധേയനായതെന്നും കടുത്ത മര്‍ദ്ദനം ഏറ്റതിനാല്‍ ഇരിക്കാനും കിടക്കാനും കൂടി കഴിയാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

എന്നാല്‍ പാറശാല പോലീസില്‍ നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. മകനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. അറപ്പുളവാക്കുന്ന തെറികള്‍ വിളിക്കുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. നഗ്നനാക്കിയ ശേഷം ഫോട്ടോ എടുത്തു. മര്‍ദ്ദനത്തിനെ തുടര്‍ന്ന് ബോധരഹിതനായി. പരാതി പറഞ്ഞാല്‍ പെണ്‍കുട്ടികളെ വിട്ട് പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം കോളേജ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ”വ്യാഴാഴ്ച നടന്ന സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചത്. ഇന്നലെ പരാതി ലഭിച്ചപ്പോള്‍ തന്നെ കോളേജ്‌ കൗണ്‍സില്‍ ചേര്‍ന്നു. ഇന്ന് ആന്റി റാഗിംഗ് കമ്മറ്റി മീറ്റിംഗ് കൂടിയിട്ടുണ്ട്. ഈ കമ്മറ്റി അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ പോലീസിന് കൈമാറും”-പ്രിന്‍സിപ്പലിന്‍റെ ചാര്‍ജ് വഹിക്കുന്ന എസ്.രമേഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

റാഗിംഗ് പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ പോലീസും ജാഗ്രതയിലാണ്. വിദ്യാര്‍ഥിയുടെ മൊഴി എടുത്തതേയുള്ളൂ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല-പാറശാല എസ്ഐ രാജേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മര്‍ദ്ദനത്തില്‍ സാരമായ പരുക്കുള്ളതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കോളേജ്‌ ആന്റി റാഗിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ആ വകുപ്പുകള്‍ കൂടി ചേര്‍ക്കും. സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചുവെന്നാണ് മൊഴിയില്‍ ഉള്ളത്-എസ്ഐ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top