സരിത അക്കൗണ്ടുകളില്‍ നിന്നും തട്ടിയത് 60 ലക്ഷം; കൂടുതല്‍ അന്വേഷണത്തിന് പോലീസ്
നിക്ഷേപം തട്ടാന്‍ വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മിനി മുത്തൂറ്റ് നിധി മാനേജര്‍ സരിത സ്ഥാപനത്തിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നും തട്ടിയത് അരക്കോടിയിലേറെ. പാപ്പച്ചന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ കാര്യം വ്യക്തമായത്. സരിതയുടെ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനം ഉടന്‍ പണം തിരിച്ചടപ്പിച്ചതിനാല്‍ ഈ കാര്യത്തില്‍ പരാതി വന്നില്ല.
പാപ്പച്ചന്റെ നിക്ഷേപത്തില്‍ കണ്ണുവച്ച് നീങ്ങിയ സരിതയുടെ ശ്രമങ്ങള്‍ പിഴച്ചുപോയതാണ് കുടുങ്ങാന്‍ കാരണം. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകള്‍ നല്‍കിയ പരാതി നിര്‍ണായകമാവുകയും ചെയ്തു. സ്ഥിരനിക്ഷേപം ഉയർത്തിയാൽ കൂടുതൽ പലിശകിട്ടുമെന്ന് പ്രലോഭിപ്പിച്ച് എടുത്ത വായ്പ അക്കൗണ്ടില്‍ കാണാത്തതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പാപ്പച്ചനെ തീര്‍ക്കാന്‍ സരിത ഗുണ്ടാസംഘത്തെ ഏര്‍പ്പാട് ചെയ്തത്. പാപ്പച്ചന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് സരിത നടത്തിയ എല്ലാ ഇടപാടുകളും പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കൊല്ലത്തെ മൂന്ന് ബാങ്കുകളിൽ പാപ്പച്ചന് ഉണ്ടായിരുന്ന സമ്പാദ്യവും അതില്‍ നടത്തിയ ഇടപാടുകളും പോലീസ്ദ് പരിശോധിക്കുന്നുണ്ട്.
പ്രതികളുടെ പോലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചു. കൊല്ലം ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാപ്പച്ചന്റെ കൊലയ്ക്ക് കാർ നൽകിയ അഞ്ചാംപ്രതി ഹാഷിഫിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നാളെ കേസിൽ കോടതി വാദം കേൾക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here