ബിഎസ്എൻഎൽ തട്ടിപ്പില്‍ 4 പേര്‍ കൂടി അറസ്റ്റില്‍; സുപ്രീം കോടതി ജാമ്യഹര്‍ജി തള്ളിയത് തിരിച്ചടിയായി
തിരുവനന്തപുരം: 200 കോടിയിലേറെ രൂപയുടെ ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ നാലു പേരെക്കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ ഒരാൾ കോടതിയിൽ കീഴടങ്ങിയിട്ടുമുണ്ട്. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ഇവരെല്ലാം. ഇവരുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയതിനെ തുടർന്നാണ് അറസ്റ്റും കീഴടങ്ങലും.
തിരുവനന്തപുരം കുമാരപുരം സ്വദേശി കെ വി പ്രസാദ് രാജ്, മെഡിക്കൽ കോളേജ് സ്വദേശി മനോജ് കൃഷ്ണൻ, ശ്രീകാര്യം സ്വദേശിനി മിനിമോൾ, മലയിൻകീഴ് സ്വദേശിനി സോഫിയാമ്മ തോമസ്, പത്തനംതിട്ട സ്വദേശി അനിൽ കുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. കെ.വി.പ്രസാദ് രാജാണ് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി രമേഷ് കുമാർ പി.വി യാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 2000ത്തിലേറെ നിക്ഷേപകരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതികളുടെയും ബിനാമികളുടെയും ഒട്ടനവധി സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here