കാട്ടുപോത്ത് കാറിന് കുറുകെ ചാടി; ബോണറ്റും ലൈറ്റും തകര്‍ന്നു; കാര്‍ യാത്രികരായ അമ്മയും മകളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; സംഭവം പെരുവണ്ണാമൂഴിയില്‍

ചക്കിട്ടപാറ: കാട്ടുപോത്ത് കാറില്‍ വന്നിടിച്ച് ബോണറ്റും ലൈറ്റും തകര്‍ന്നു. പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർ വയലിലാണ് സംഭവം. റോഡ്‌ ക്രോസ് ചെയ്ത കാട്ടുപോത്ത് കാറിന് മുന്‍പില്‍ വന്നു ചാടുകയായിരുന്നു. ഇടിച്ച് തെറിച്ചുപോയ പോത്ത് കാട്ടിനുള്ളിലേക്ക് ഓടിക്കയറി. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമായിരുന്നു കാര്‍ യാത്രികര്‍. ഇവര്‍ ഭയന്നുപോയെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത്, ആന, മാന്‍, പന്നി തുടങ്ങിയ മൃഗങ്ങള്‍ ഇറങ്ങുന്ന മേഖലയാണിത്‌. “ഇത്തരം സംഭവങ്ങള്‍ക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കാറിനു കേടുപാട് പറ്റി എന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. കാര്‍ യാത്രികര്‍ക്ക് നഷ്ടം വേണമെന്നുണ്ടെങ്കില്‍ അവര്‍ വനംവകുപ്പിനെ സമീപിക്കണം. വന്യജീവി ആക്രമണമെന്നുള്ള പരാതി അവര്‍ എഴുതി നല്‍കണം. അങ്ങനെയെങ്കില്‍ പരാതി പരിഗണിക്കും-ഡിഎഫ്ഒ പറഞ്ഞു.

ചക്കിട്ടപ്പാറ, കക്കയം പ്രദേശങ്ങള്‍ കുടിയേറ്റ മേഖലയാണ്. രൂക്ഷമായ വന്യജീവി ആക്രമണമാണ് കുടിയേറ്റ കര്‍ഷകര്‍ നേരിടുന്നത്. ഒരു മാസം മുന്‍പ് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ പാലാട്ട് ഏബ്രഹാം (70) കൊല്ലപ്പെട്ടത് വിവാദമായിരുന്നു. വന്‍ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്. കക്കയം ഡാം സൈറ്റ് റോഡിന് സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് ഏബ്രഹാമിനെ കുത്തിയത്. ആ കാട്ടുപോത്തിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ആഴ്ചകൾക്കു മുമ്പ് കക്കയം ഡാം സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top