മൂന്നാർ ബെവ്കോയിൽ നിന്ന് റിസോർട്ടുകൾക്ക് മദ്യമൊഴുക്ക്; ദൃശ്യങ്ങൾ സഹിതം പിടികൂടി വിജിലൻസ്; വൻ ക്രമക്കേട്
ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്ത് ബെവ്കോ. ബിവറിജസ് കോർപറേഷൻ്റെ മദ്യശാലയിൽ നിന്ന് വാഹനങ്ങളെത്തി വൻതോതിൽ മദ്യം കടത്തുന്നതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. വിൽപന പരിധി ലംഘിച്ചതിന് പുറമെ ബില്ലിങ്ങിലും തട്ടിപ്പ് കാണിക്കുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. മദ്യം വിളമ്പാൻ ലൈസൻസില്ലാത്ത റിസോർട്ടുകൾക്കാണ് മദ്യം വിതരണം ചെയ്തതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അതും പരിശോധിക്കുന്നുണ്ട്.
ബിവറേജിസലെ ദിവസവേതനക്കാരുടെ ഗൂഗിൾപേ അക്കൌണ്ടിലേക്കാണ് പണം സ്വീകരിക്കുന്നത്. പതിനായിരം രൂപയുടെ വീതം രണ്ട് ഇടപാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മദ്യക്കടത്ത് കണ്ടെത്തിയത്. കെയ്സ് കണക്കിന് ബിയർ ഔട്ട്ലെറ്റിന്റെ ഗോഡൗണിൽ നിന്നും വാതിൽ വഴി പുറത്തേക്ക് ചിലയാളുകൾ കൊണ്ടുപോകുന്നതായി വീഡിയോയിൽ കണ്ടെത്തി. ഈ കാര്യത്തെപ്പറ്റി ജീവനക്കാരോട് തിരക്കിയപ്പോൾ, സമീപത്തുള്ള റിസോർട്ടിലെ മാനേജറും സ്റ്റാഫും ആണ് മദ്യം വാങ്ങിക്കൊണ്ടു പോയത് എന്ന് വ്യക്തമായി.
ഇതുകൂടാതെ പരിശോധന സമയം അന്നേ ദിവസത്തെ കളക്ഷൻ തുകയിൽ 14,640 രൂപയുടെ കുറവ് കാണപ്പെട്ടു. ഷോപ് ഇൻചാർജ് അവധിയായിരുന്നു. ദിവസ വേതനക്കാരനായ സ്വീപ്പറിൻ്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 8,060 രൂപ കൃഷ്ണ ചൈതന്യ എന്ന അക്കൌണ്ടിൽ നിന്നും അയച്ചിരിക്കുന്നതായും തുടർന്ന് അന്നുതന്നെ ആ പണം ബീവറേജ് കോർപ്പറേഷൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കാണപ്പെട്ടു. അളവിൽ കൂടുതൽ മദ്യം മറ്റ് പലർക്കും പലപ്പോഴായി വിറ്റതിൻ്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. പല ബ്രാൻഡുകളിലുള്ള മദ്യത്തിൻ്റെയും ബിയറുകളുടെയും സ്റ്റോക്കിൽ വ്യപകമായ വ്യത്യാസം കാണപ്പെട്ടിട്ടുള്ളതാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here