മേയറെ തടഞ്ഞാൽ ബുൾഡോസർ പ്രയോഗം

തീവ്ര പരിചരണ വിഭാഗത്തിൽ ചെരുപ്പിട്ട് കയറാൻ ശ്രമിച്ച ബിജെപി മേയറെ തടഞ്ഞതിന് പ്രതികാരമായി ഹോസ്പിറ്റലിനു നേരെ ബുൾഡോസർ പ്രയോഗം. ലക്നോവിലെ ബിജ്‌നോവിലുള്ള വിനായക് മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന വിമുക്ത ഭടനെ കാണാനെത്തിയതായിരുന്നു മേയർ സുഷമ ഖരക്ക്വാൾ. ഐ സി യുവിൽ ചെരുപ്പിടാൻ പാടില്ലെന്നാണ് നിയമമെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞതിനെ ധിക്കരിച്ചു കൊണ്ട് ചെരുപ്പ് ധരിച്ച് കയറാൻ മേയർ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞു.
ക്ഷുഭിതയായി മടങ്ങിയ മേയർ പിന്നീട് ഹോസ്പിറ്റലിനെതിരെ നോട്ടീസ് ഇറക്കുകയും പൊളിക്കാൻ ബുൾഡോസർ അയക്കുകയുമായിരുന്നു. നൂറുകണക്കിനാളുകൾ ദിവസേന എത്തുന്ന ആശുപത്രിയാണ് പെട്ടന്ന് പൊളിക്കാൻ ഉത്തരവിട്ടത്. പോലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പോലീസ് ഇടപെട്ടതോടെ പൊളിക്കാനുള്ള നീക്കം പിൻവലിച്ചു. എന്നാലും ഹോസ്പിറ്റൽ രേഖകൾ പരിശോധിക്കുകയാണെന്ന് മേയർ അറിയിച്ചു. അതേസമയം മേയറും ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടില്ലെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്നും ആശുപത്രി ഡയറക്ടർ മുദ്രിക സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വന്ന ശേഷം സർക്കാരിന് താല്പര്യമില്ലാത്തവരുടെയും രാഷ്ട്രീയ എതിരാളികളുടെയും സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചു നിരത്തുന്നത് പതിവാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here