ബുള്‍ഡോസര്‍ രാജ് അനുവദിക്കില്ലെന്ന് സുപ്രീം കോടതി; ശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് മാത്രം

പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നിരത്തുന്നതിനെതിരെ സുപ്രീം കോടതി. കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. നിയമം ലംഘിച്ച് വീട് പൊളിച്ചാല്‍ നഷ്ടപരിഹാരം തേടി സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് ശിക്ഷ ഏതെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. വീട് ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. ഇത്തരം പൊളിക്കലുകളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരമുണ്ടെന്നും കോടതി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here