പ്രേക്ഷക മനസില്‍ ഇടിച്ചുകയറി ‘ബുള്ളറ്റ് ഡയറീസ്’; യഥാര്‍ത്ഥ ജീവിത കഥയെന്ന് സംവിധായകന്‍
ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം ‘ബുള്ളറ്റ് ഡയറീസിന്’ മികച്ച പ്രതികരണം. പേര് കേൾക്കുമ്പോൾ ബുള്ളറ്റ് പ്രേമികൾക്ക് മാത്രമായുള്ള ചിത്രമെന്ന് തോന്നുമെങ്കിലും ഒരു ‘കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നറാണ്’ ചിത്രമെന്ന് സംവിധായകൻ സന്തോഷ് മണ്ടൂർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഉപയോഗിക്കുന്ന വാഹനങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. തനിക്ക് വളരെ അടുത്ത് പരിചയമുള്ള രണ്ടു പേരുടെ ജീവിതകഥകൾ കോർത്തിണക്കിയതാണ് ചിത്രമെന്ന് സന്തോഷ് പറഞ്ഞു.
സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ‘സിനിമ എഴുതുമ്പോൾ തന്നെ ധ്യാൻ ശ്രീനിവാസനായിരുന്നു മനസിൽ. കൊറോണയ്ക്ക് മുൻപ് തന്നെ കഥ പറഞ്ഞിരുന്നു. 2020 ഏപ്രിലിൽ ചിത്രീകരണം തുടങ്ങാൻ ഇരിക്കുമ്പോഴാണ് ലോക്ക്ഡൗൺ, കാര്യങ്ങൾ തകിടംമറിച്ചത്. 2022 ജനുവരിയിലാണ് പിന്നെ ഷൂട്ടിംഗ് ആരംഭിച്ചത്’ സന്തോഷ് പറഞ്ഞു. 2019ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച ‘പനിയാണ്’ അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിൽ നിലനിൽക്കുന്ന ദുരാചാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് പനി. പതിനെട്ടോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും നേടി. ഒന്‍പത് ഭാഷകളില്‍ ഡബ്ബ് ചെയ്ത ചിത്രം 2024 ഏപ്രിലോടെ തീയേറ്ററുകളിൽ എത്തുമെന്ന് സന്തോഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതിയത്.
ബുള്ളറ്റിനെ പ്രണയിക്കുന്ന രാജു ജോസഫെന്ന ബൈക്ക് മെക്കാനിക്കിന്റെ വേഷത്തിലാണ് ബുള്ളറ്റ് ഡയറീസില്‍ ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. സ്വന്തം നാട്ടിൽ അധ്വാനിച്ച് ജീവിക്കാൻ താൽപര്യമുള്ള നഴ്സ് കഥാപാത്രമാണ് നായിക പ്രയാഗ മാർട്ടിന്റേത്. വണ്ടികളോടുള്ള ‘പാഷനും’, ‘ഇമോഷനും’ കലർന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണൂർ കാപ്പിമല, ആലക്കോട്, മംഗലാപുരം, മടിക്കേരി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ട്. ‘ബി 3 എം ക്രീയേഷൻസാണ്’ ചിത്രം നിർമിച്ചത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ച ചിത്രം, എഡിറ്റ് ചെയ്തത് രഞ്ജൻ എബ്രഹാമാണ്. സംവിധായകൻ സന്തോഷ് മണ്ടൂർ തന്നെയാണ് രചനയും നടത്തിയത്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം നൽകിയത്. രഞ്ജി പണിക്കർ, ജോണി ആന്റണി, ശ്രീലക്ഷ്മി, സുധീർ കരമന, അൽത്താഫ് സലിം, ശ്രീകാന്ത് മുരളി തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സന്തോഷ് മണ്ടൂർ ഇരുപത് വർഷം മുൻപാണ് സിനിമയിലെത്തുന്നത്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ജേർണലിസം പഠിക്കുമ്പോൾ സംവിധായകൻ പി.പി.ഗോവിന്ദന്റെയൊപ്പം ഡോക്യുമെന്ററിയിൽ അസിസ്റ്റന്റായാണ് തുടക്കം. പിന്നീട് അപരിചിതൻ, മകൾക്ക്, ഡിസംബർ തുടങ്ങി നിരവധി സിനിമകളിൽ അസിസ്റ്റന്റായി. മധു കൈതപ്രം സംവിധാനം ചെയ്ത ഏകാന്തം എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി. ലോസ്റ്റ് സ്പേസ് എന്ന ഹ്രസ്വ ചിത്രമാണ് സ്വന്തമായി ആദ്യം സംവിധാനം ചെയ്യുന്നത്. നിരവധി പുരസ്‌കാരങ്ങൾക്ക് ഇത് അർഹമായി. സന്തോഷ് മണ്ടൂർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here