നവകേരള സദസിന്‍റെ കാളവണ്ടി ഓട്ടത്തില്‍ അപകടം; നിയന്ത്രണം തെറ്റിയ കാളവണ്ടി ജീപ്പിലിടിച്ചു

ഇടുക്കി: നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം കുമളിയില്‍ സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തില്‍ അപകടം. നിയന്ത്രണംവിട്ട കാളവണ്ടി ജീപ്പില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയെങ്കിലും ആളുകള്‍ ഓടിമാറിയത് വലിയ അപകടം ഒഴിവാക്കി.
സിപിഎം കുമളി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ആറു കാളവണ്ടികളാണ് പങ്കെടുത്തത്. ആറാം മൈലില്‍ നിന്നാരംഭിച്ച മത്സരം കുമളി ടൗണിലൂടെ പുരോഗമിക്കുന്നതിനിടയിലാണ് നിയന്ത്രണംവിട്ട ഒരു കാളവണ്ടി വഴിയരികില്‍ നിന്ന ജീപ്പിലേക്ക് ഇടിച്ചുകയറിയത്. കാളവണ്ടിയുടെ ഒരു ചക്രം ഊരിവീണെങ്കിലും വീണ്ടും വണ്ടി മുന്നോട്ട് നീങ്ങി റോഡില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വണ്ടി നിയന്ത്രണംവിട്ട് വരുന്നത് കണ്ട് ആളുകള്‍ ഓടിമാറി. മത്സരസമയത്ത് റോഡിലെ ഗതാഗതം നിയന്ത്രിച്ചിരുന്നില്ല. ഡിസംബര്‍ 10നാണ് നവകേരള സദസ് ഇടുക്കിയില്‍ എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here