സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തു; വയോധികന് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം; സംഭവം നടന്നത് കൊല്ലം അഞ്ചലില്‍
കൊല്ലം: കൊല്ലം അഞ്ചലില്‍ വയോധികന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്. ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ റോഡില്‍ തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ ആരോമലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരനായ അഞ്ചല്‍ വാസുദേവന്‍ നായര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈക്കും പരുക്കുകള്‍ ഏറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ചലില്‍ ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. രാവിലെ സര്‍വീസ് നടത്തുകയായിരുന്ന ഉപാസന എന്ന സ്വകാര്യബസിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം. സ്കൂള്‍ പരിസരത്ത് ബസ് നിര്‍ത്താത്തതാണ് ചൂണ്ടിക്കാണിച്ചത്. ഇതില്‍ ക്ഷുഭിതരായ ജീവനക്കാര്‍ അസഭ്യവര്‍ഷം നടത്തി. ബസില്‍ നിന്നും ഇറങ്ങിയ ശേഷം പിന്നില്‍ നിന്നും തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കണ്ടക്ടറായ ആരോമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഈ സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ പരിസരത്ത് ബസ് നിര്‍ത്താനും കുട്ടികളെ കയറ്റാനും മടിയാണ്. ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതാണ് സമീപത്ത് കട നടത്തുന്ന വാസുദേവന്‍ നായര്‍ ചോദ്യം ചെയ്തത്. തുടർന്നാണ് ക്രൂരമർദ്ദനം നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here