കെഎസ്ആർടിസി പണിമുടക്ക് വിജയിപ്പിക്കാന്‍ ബസുകള്‍ തകരാറിലാക്കി!! കര്‍ശന നടപടികളുമായി സർക്കാർ; പിന്മാറാന്‍ തയ്യാറാവാതെ ജീവനക്കാർ
കേരളത്തിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് ആഹ്വാനം ചെയ്ത കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സർവീസ് മുടങ്ങി. ഏകദേശം മുപ്പത് ശതമാനത്തോളം ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കൊല്ലത്ത് 18 സർവീസുകൾ മുടങ്ങി. ചാത്തന്നൂരിൽ 10 സർവീസുകളും നോർത്ത് പറവൂരിൽ 13 സർവീസും മുടങ്ങി. തിരുവനന്തപുരം എറണാകുളം ഡിപ്പോകളിൽ സർവീസുകൾ മുടങ്ങിയിട്ടില്ല. പണിമുടക്കിനെ അനുകൂലിക്കുന്ന ജീവനക്കാർ ബസുകൾ തടയുന്നുണ്ട്. തമ്പാനൂരും പാപ്പനംകോടും സർവീസ് തടയാൻ ശ്രമിച്ചത് സമാരാനുകൂലികളും പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കി.
നെടുമങ്ങാട് കെഎസ്ആർടിസി ഓഫീസ് ടിഡിഎഫ് ഉപരോധിച്ചു. 12 പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊല്ലത്ത് 76ൽ 58 ബസ്സുകൾ സർവീസ് നടത്തി.പുനലൂരിലും കൊട്ടാരക്കരയിലും സർവീസ് മുടങ്ങിയിട്ടില്ല. പുനലൂരിൽ ഒരു ബസ് അധിക സർവീസസ് നടത്തി. പത്തനാപുരത്ത് 53ൽ 53 ബസുകളും സർവീസ് നടത്തുന്നുണ്ട്. കാസർകോടും മുഴുവൻ ബസുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലും മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. നോർത്ത് പറവൂരിൽ 35 ബസ്സുകൾ സർവീസ് നടത്തുന്നു.
എല്ലാ മാസവും അഞ്ചിന് മുമ്പ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്മാറില്ലെന്നാണ് യൂണിയൻ പറയുന്നത്. അതേസമയം സിവിൽ സർജൻ്റെ ആശുപത്രിയിൽ കുറയാത്ത മെഡിക്കൽ ഓഫീസർ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് മാനേജ്മെമെൻ്റ് നിർദ്ദേശം. കാൻ്റീനുകൾ പ്രവർത്തിക്കണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാകും. താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സർവീസ് മുടക്കാൻ ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
Also Read: കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; തിരുവനന്തപുരത്ത് ബസ് തടഞ്ഞു
കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി ആരോപണം ഉയർന്നത് ഉയർന്നത്. എട്ട് ബസുകളിലാണ് ഇത്തരത്തിൽ തകരാർ വരുത്തിയതായി കണ്ടെത്തിയത്. പോലീസ് അന്വേഷണം ഉള്‍പ്പെടെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു കണ്ടെത്തുന്നവർ കെഎസ്ആർടിസി ജീവനക്കാരെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുമെന്നും മന്ത്രി അറിയിച്ചു. മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ ബസുകൾക്ക് കേടുപാട് വരുത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനും മന്ത്രി നിർദേശം നൽകി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here