ദുർഗാദേവി ക്ഷേത്രവികസനത്തിന് ഷമീറിൻ്റെ 10സെൻ്റ്; വരുംതലമുറ സൗഹാർദത്തോടെ ജീവിക്കണമെന്ന് ഷമീർ; നന്ദിയോടെ സ്മരിക്കുമെന്ന് ക്ഷേത്രകമ്മറ്റി

മതങ്ങൾക്കിടയിലും മതാനുയായികൾക്കിടയിലും ഉണ്ടായിരുന്ന സഹോദരഭാവമാണ് കേരളം ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. പലപ്പോഴും ഈ സഹോദരഭാവത്തിന് മുറിവേൽപ്പിക്കുന്ന പല സംഭവങ്ങൾ രാജ്യത്ത് ഉണ്ടാകുമ്പോഴൊക്കെ മലയാളികളെ ചേർത്തുനിർത്തുന്നത് ആത്മീയതയി അധിഷ്ഠിതമായ മതസൗഹാർദമാണ്. അടുത്തകാലത്തായി ആശങ്കപ്പെടുത്തുന്നത് പലതും സംഭവിക്കുന്നുവെങ്കിലും, സഹോദര്യത്തിൻ്റെ നന്മകൾ ഇനിയും കെട്ടുപോയിട്ടില്ലെന്ന് വിളിച്ചു പറയുന്ന കഥയാണ് തിരുവനന്തപുരം പാലോട് ഇലവുപാലത്ത് നിന്ന് വരുന്നത്.

റബർ തോട്ടങ്ങളും സർക്കാർ വക വന പ്രദേശങ്ങും ചേർന്ന തനി ഉൾനാടൻ ഗ്രാമമാണ് ഇലവുപാലം. ഇവിടെയുള്ള നാട്ടുകാരുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമാണ് കുട്ടത്തികരിക്കകം ശ്രീ ദുർഗാദേവി ക്ഷേത്രം. പരിമിതമായ ചുറ്റുപാടിൽ നാട്ടുകാർ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ ദൈവപ്പുരയുടെ വികസനത്തിന് സ്ഥലപരിമിതി വലിയ തടസ്സമായിരുന്നു. സാധാരണക്കാരും തൊഴിലാളികളും മാത്രമുള്ള ഈ പ്രദേശത്ത് വലിയ പണം നൽകി ഭൂമി വാങ്ങി ക്ഷേത്ര പുന:രുദ്ധാരണം നടത്താനുള്ള ശേഷിയൊന്നും ക്ഷേത്ര ഭരണസമിതിക്ക് ഉണ്ടായിരുന്നില്ല.

അമ്പല ഭരണസമിതിയിലെ പ്രധാനിയായ സുനിൽ കുമാർ തൻ്റെ ബാല്യകാല സുഹൃത്തും നാട്ടുകാരനുമായ ഷമീർ ഇബ്രാഹിംകുഞ്ഞുമൊത്ത് അമ്പലമുറ്റത്ത് കളിച്ചുനടന്ന കഥകൾ ഓർക്കാനിടയായി. വർഷങ്ങളായി ഗൾഫിലും നാട്ടിലുമായി ബിസിനസ് ചെയ്യുന്ന ഷെമീറിനോട് അമ്പല പുന:രുദ്ധാരണത്തിന് നേരിടുന്ന സ്ഥലപരിമിതിയും സാമ്പത്തിക പരാധീനതയും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ ഭാരവാഹികൾ ഉള്ളുതുറന്ന് സംസാരിച്ചു. 2021 അവസാനമായിരുന്നു ഈ കൂടിക്കാഴ്ചയും സംസാരങ്ങളും നടന്നത്.

ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ബാബുരാജിൻ്റെ കൈവശമുള്ള 10 സെൻ്റ് കിട്ടിയാൽ അമ്പലത്തിൻ്റെ വികസനം എളുപ്പമാകുമെന്ന് അവർ പറഞ്ഞു. “അതോർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ 10 സെൻ്റ് വാങ്ങി അമ്പലത്തിന് നൽകാം”- ഷമീറിൻ്റെ ഈ മറുപടി കേട്ട് സുനിലും കൂട്ടരും ഞെട്ടി. പറഞ്ഞത് പോലെ 2022 അവസാനത്തോടെ ഷമീർ ഭൂമി അമ്പലക്കമ്മറ്റിക്ക് കൈമാറി. ഇക്കഴിഞ്ഞ ആഴ്ചയാണ് പ്രമാണം നടന്നത്.

15 വർഷമായി ദുബായിൽ ബിസിനസ് ചെയ്യുന്ന ഷെമീറിന് നാട്ടിൽ ‘പിപ്പ’ എന്ന പേരിൽ മിനറൽ വാട്ടർ ഉല്പാദന കേന്ദ്രവുമുണ്ട്. തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലുമൊക്കെ ബോട്ടിൽഡ് വാട്ടർ എത്തിക്കുന്ന വിതരണ സംവിധാനമുണ്ട്. “എന്തെങ്കിലും തരത്തിലുള്ള പബ്ളിസിറ്റിക്കോ പ്രചരണത്തിനോ വേണ്ടിയല്ല ഞാനിത് ചെയ്തത്. ഞാൻ കളിച്ചു വളർന്ന അമ്പലവും മുറ്റവുമാണത്. വൈകാരിക അടുപ്പമുള്ള സ്ഥലമാണ്. നമ്മുടെ ഇപ്പോഴത്തെയും വരാനിരിക്കുന്ന തലമുറകളും സൗഹാർദ്ദത്തിലും ജാതി, മതചിന്തകൾക്ക് അതീതമായും ഈ നാട്ടിൽ ജീവിക്കണമെന്നാണ് ആഗ്രഹം. അതിനപ്പുറം മറ്റൊന്നുമില്ല” – ഷെമീർ ഇബ്രാഹിംകുഞ്ഞ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

തൻ്റെ ‘പിപ്പ’ മിനറൽ വാട്ടർ കമ്പനിയുടെ ഏഴാം വാർഷികം പ്രമാണിച്ച് ഓഗസ്റ്റ് 15ന് വസ്തുവിൻ്റെ പോക്കുവരവ് സർട്ടിഫിക്കറ്റും മറ്റ് രേഖകളും ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറുമെന്ന് ഷെമീർ പറഞ്ഞു. വസ്തുവിന് വേണ്ടി മുടക്കിയ തുകയെക്കുറിച്ചൊന്നും പറയാൻ താല്പര്യമില്ലെന്ന് അദ്ദേഹം തുടക്കത്തിൽ തന്നെ വ്യക്തമാ ക്കിയിരുന്നു. തുകയുടെ വലിപ്പത്തേക്കാൾ എൻ്റെ നാടിൻ്റെ നന്മ മാത്രമാണ് ഈ പ്രവത്തിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

ഷമീറിൻ്റെ വിശാല മനസ്സിനും സാഹോദര ഭാവത്തിനും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് ക്ഷേത്ര ഭാരവാഹികളിൽ ഒരാളായ സുനിൽ കുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഈ ക്ഷേത്രവും നാടും നിലനിൽക്കുന്ന കാലത്തോളം ഷമീറിൻ്റെ നന്മ നാട്ടുകാർ ആരാധനാപൂർവ്വം സ്മരിക്കുമെന്നും സുനിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top