കുഞ്ഞനുജന് കുഴിമന്തി വാങ്ങിനൽകിയത് സ്നേഹം കൊണ്ടല്ല!! അത് കഴിക്കാനും വിടാതെ അടിച്ചുകൊന്നു അഫാൻ; ‘വെഞ്ഞാറമൂട്’ വല്ലാത്ത മുറിവുതന്നെ

സ്വന്തം ഉമ്മയടക്കം അടുപ്പക്കാരെയെല്ലാം തലയ്ക്കടിച്ചുകൊന്ന അഫാന് പ്രായം 23 മാത്രമേ ആയുള്ളൂവെങ്കിലും ആ വീട്ടിലൊരു കാരണവരുടെ റോളുണ്ടായിരുന്നു. അതിന് കാരണം കുടുംബനാഥനാകേണ്ട അവരുടെ ഉപ്പ ഏഴുവർഷമായി ഗൾഫിലാണ്. നാട്ടിലെത്താൻ കഴിയാതെ അവിടെ കുടുങ്ങിയ സ്ഥിതിയാണ്.
ആറുവയസിൽ ഉപ്പ വിദേശത്ത് പോയ ശേഷം അനുജൻ അഫ്സാനെ ഉപ്പയുടെ സ്ഥാനത്ത് നിന്ന് പരിപാലിച്ചത് ചേട്ടൻ അഫാൻ ആണ്. അതുകൊണ്ട് തന്നെ കൊലപ്പെടുത്തും മുൻപ് അവനേറ്റവും ഇഷ്ടമുള്ള കുഴിമന്തി ചേട്ടൻ വാങ്ങിക്കൊടുത്തു എന്ന കാര്യം കേട്ടപ്പോൾ അടുപ്പക്കാർക്കെങ്കിലും കണ്ണുനിറഞ്ഞു. അഫാനോട് അൽപം സിമ്പതിയും ഉണ്ടായിക്കാണും.
എന്നാലിപ്പോൾ വ്യക്തമാകുന്നത് അതിന് പിന്നിലും ചേട്ടൻ അഫാൻ്റെ ക്രൂരമായ പ്ലാനിങ് ഉണ്ടായിരുന്നു എന്നാണ്. പരീക്ഷ കഴിഞ്ഞ് അനുജൻ വീട്ടിലേക്ക് എത്തുന്ന സമയത്ത് തന്നെയാണ് കാമുകി ഫർസാനയോട് വീട്ടിലേക്ക് എത്താൻ അഫാൻ നിർദേശിച്ചത്. ഈ സമയത്ത് അനുജൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയിരുന്നു. ഉമ്മയെ കാണാതെ അവൻ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ ഫോൺ അഫാൻ്റെ കൈയ്യിലായിരുന്നു.
ഇതിന് പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവർ ശ്രീജിത്തിനെ പറഞ്ഞുവിട്ട് കുഴിമന്തി വാങ്ങാനെന്ന പേരിൽ അവനെ ഹോട്ടലിലേക്ക് മാറ്റിയത്. പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ഫർസാന വീട്ടിലേക്ക് വരുന്നതും അഫ്സാൻ വീട്ടിലേക്ക് എത്തിയത് ഏറെക്കുറെ ഒരേസമയത്താണെന്ന് കാണാം.

അഫ്സാൻ കുഴിമന്തി വാങ്ങിവരുന്ന സമയം കൊണ്ട് മുകളിലത്തെ നിലയിൽ അഫാൻ ഫർസാനയുടെ ജീവനെടുത്തു. അനുജൻ എത്താൻ കാത്തിരുന്ന് നിഷ്കരുണം അവനെയും വകവരുത്തി. കൊതിച്ച് വാങ്ങിക്കൊണ്ടുവന്ന കുഴിമന്തി അവസാനമായി ഒന്ന് കഴിക്കാൻ പോലും അനുവദിക്കാതെ അവൻ്റെ തലയടിച്ച് തകർത്തു പ്രിയ ചേട്ടൻ.
മകൻ രാവിലെ കഴുത്തിൽ ഷാൾ മുറുക്കി പാതി ജീവനെടുത്ത നിലയിൽ ഉമ്മ ഷെമിന ഈ നേരമെല്ലാം ഈ വീട്ടിൽ തന്നെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു ദാരുണസത്യം. ഇളയമകൻ അടക്കം രണ്ടുപേരുടെ ജീവൻ തൊട്ടടുത്ത് അഫാൻ്റെ കൈകൊണ്ട് പൊലിഞ്ഞതും ഒന്നും അവരറിഞ്ഞില്ല. അറിഞ്ഞെങ്കിലും ഒന്നുംചെയ്യാനുള്ള ജീവൻ അവർക്കപ്പോൾ ഉണ്ടായിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here