പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലെങ്കില്‍ പത്മജയെ ഇറക്കാന്‍ ബിജെപി; ചേലക്കര രമ്യ ഹരിദാസ്, വയനാട്ടില്‍ കെ മുരളീധരനും; ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അവേശത്തില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ബിജെപിയും. പാലക്കാടും ആലത്തൂരും യുവമുഖങ്ങളാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ് പാലക്കാട് സജീവമായുള്ളത്. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമിന്റെ പേരും ചര്‍ച്ചയാകുന്നുണ്ട്. ജില്ലയില്‍ നിന്നുള്ളയാള്‍ എന്നത് ബല്‍റാമിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. മെട്രോമാന്‍ ഇ ശ്രീധരനോട് 3859 വോട്ടിന്റെ മാത്രം ഭുരിപക്ഷമാണ് ഷാഫിക്ക് നേടാനായത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടങ്ങി അതീവ ശ്രദ്ധയോടെ മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പലക്കാട് മണ്ഡലത്തില്‍ 9707 വോട്ടിന്റെ ഭൂരിപക്ഷമാണ് വികെ ശ്രീകണ്ഠന് ലഭിച്ചത്.
ബിജെപിയും പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പത്മജ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക്‌പോര് നടന്നിരുന്നു. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടുമെന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം. ഇത് തന്റെ അമ്മയെ അപമാനിക്കുന്നതാണെന്നായിരുന്നു പത്മജയുടെ മറുപടി. ഇരുവരും തമ്മിലൊരു മത്സരമുണ്ടായാല്‍ സ്ത്രീവോട്ടുകള്‍ അനുകൂലമാകുമെന്നൊരു കണക്ക്കൂട്ടലാണ് ബിജെപിക്കുളളത്. പാലക്കാട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ട്. പാലക്കാട്ടെ കനത്ത തോല്‍വിക്കൊപ്പം സംഘടന പ്രശ്‌നങ്ങളിലും വലയുന്ന സിപിഎമ്മില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. മുസ്ലിം വോട്ടുകള്‍ നിര്‍ണ്ണായകമായ പാലക്കാട് സിപിഎം ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ ഇറക്കുമോയെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
ചേലക്കരയില്‍ രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ആലത്തൂരില്‍ പരാജയപ്പെട്ടെങ്കില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ രമ്യയ്ക്ക് സാധിച്ചിട്ടുണ്ട്. കെ രാധാകൃഷ്‌ന്റെ സ്വന്തം മണ്ഡലമായ ചേലക്കരയില്‍ ഇത്തവണ 5173 വോട്ടിന് മാത്രമാണ് രമ്യ പിന്നില്‍ പോയത്. രാധാകൃഷ്ണന്റെ സ്വന്തം ബൂത്തില്‍ 9 വോട്ടിന്റെ ലീഡ് നേടാനും രമ്യക്കായി. ഇതെല്ലാം പരിഗണിച്ചാണ് രമ്യ ഹരിദാസിന്റെ പേരിന് മുന്‍ഗണനയുള്ളത്. സിപിഎം 2016ല്‍ എംഎല്‍എയായിരുന്ന യുആര്‍ പ്രദീപിന് അവസരം നല്‍കിയേക്കും. കെ രാധാകൃഷ്ണനു വേണ്ടി 2021ല്‍ മാറികൊടുത്തയാളാണ് പ്രദീപ്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് കെ മുരളീധരന്റെ പേര് തന്നെയാണ് കോണ്‍ഗ്രസിന്റെ മനസിലുളളത്. തൃശൂരിലെ പരാജയത്തിന് പിന്നാലെ ഇനി മത്സരത്തിന് ഇല്ലെന്ന് മുരളീധരന്‍ പ്രസ്താവന ഇറക്കിയെങ്കിലും അനുനയിപ്പിക്കാനാവുമെന്ന വിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ നേരിട്ടെത്തി മുരളിയുമായി ആശയവിനിമയം നടത്തിയതും ഇതേലക്ഷ്യവുമായാണ്. രാഹുല്‍ ഗാന്ധി വയനാടും റായ്ബറേലിയിലും വിജയിച്ചിരുന്നു. യുപിയില്‍ തുടരുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലില്‍ വയനാട് ഒഴിവാക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മുരളിയെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിപിഐ ആനി രാജയെ പോലെയുളള ദേശീയ നേതാവിനെ വീണ്ടും കളത്തില്‍ ഇറക്കാന്‍ സാധ്യതയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ തന്നെ എത്താനും സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിട്ടും മികച്ച പ്രകടനം നടത്താന്‍ സുരേന്ദ്രന് കഴിഞ്ഞിരുന്ന. 141045 വോട്ടാണ് സുരേന്ദ്രന് നേടാനായത്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് തീരുമാനം വന്നാല്‍ മാത്രമേ ചര്‍ച്ചകള്‍ സജീവമാവുകയുള്ളൂ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here