പതിവുപോലെ ‘ബിജെപി ഡീല്‍’ പുറത്തെടുത്ത് ഇരുമുന്നണികളും; സരിനെ ഏറ്റെടുക്കും മുന്നേ ആരോപണം ഏറ്റുപിടിച്ച് സിപിഎം
ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം ‘ഡീല്‍’ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസും സിപിഎമ്മും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് സിപിഎം ആരോപിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് അന്തര്‍ധാര എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പാലക്കാട് സീറ്റ് മോഹിച്ച് വിമതനായി ഒടുവില്‍ ഇടതുപക്ഷത്ത് ചേക്കേറിയ സരിന്റെ ആരോപണമാണ് ഉപതിരഞ്ഞെടുപ്പ് രംഗത്തെ ചൂട് പിടിപ്പിക്കുന്നത്.
‘വടകര ഡീല്‍’ എന്നാണ് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ബിജെപി പിടിച്ചെടുക്കാന്‍ സാധ്യതയുള്ള നിയമസഭാ സീറ്റാണ് പാലക്കാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഇ.ശ്രീധരന്‍ പാലക്കാട് പരാജയമടഞ്ഞത്. ഈ സീറ്റ് ബിജെപിക്ക് വച്ചുമാറാന്‍ വേണ്ടിയാണ് പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍ വടകര എംപിയായി മത്സരിച്ചത് എന്നാണ് സരിന്‍ ആരോപിച്ചത്. ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നു.
സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരിക്കെ സരിന്റെ ആരോപണം സിപിഎം ഏറ്റെടുത്തു. പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ പ്രചാരണ വിഷയമാക്കുമെന്ന് സിപിഎം നേതാവ് ബാലന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് ആണ് ഡീല്‍ ആരോപണം ആദ്യം ഉന്നയിച്ചത്. വീണ വിജയനുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ മാസപ്പടി കേസ് നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. പാലക്കാട് ബിജെപിക്ക് വോട്ടു ചെയ്യും. പകരം ചേലക്കര ബിജെപി സിപിഎമ്മിന് വോട്ടു ചെയ്യും. തൃശൂര്‍ പൂരം വിവാദത്തിന്റെ മറപിടിച്ചാണ് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചത്.
ഇതിന്റെ തുടര്‍ച്ചയായാണ് വടകര ലോക്സഭാ സീറ്റില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു എന്ന് എ.കെ.ബാലന്‍ ആരോപണം ഉന്നയിച്ചത്. വടകര ബിജെപി ഡീല്‍ കോണ്‍ഗ്രസ് ആദ്യമേ ഉറപ്പിച്ചു. ഇപ്പോള്‍ പാലക്കാട് ഡീല്‍ ആണ് ഉറപ്പിക്കുന്നത്. കൊക്കില്‍ ജീവനുണ്ടെങ്കില്‍ ഈ ഡീല്‍ തടയുമെന്നാണ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ ഡീല്‍ ആരോപണത്തെ സരിനിലൂടെ തിരിച്ചടിക്കുകയാണ് സിപിഎം ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here