അന്‍വറിനെ പരിഹസിച്ച് സതീശന്‍; തള്ളാതെ സുധാകരന്‍; ഉപതിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്ക് എന്ന് അന്‍വറും
പാലക്കാട്-ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ പി.വി.അന്‍വറിന്റെ ഡിഎംകെയുടെ പിന്തുണ തല്‍ക്കാലം യുഡിഎഫിന് ലഭിക്കില്ല. യുഡിഎഫ്-അന്‍വര്‍ ചര്‍ച്ചകള്‍ നിലവില്‍ അലസിപ്പിരിയുകയാണ് ചെയ്തത്. അന്‍വര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയപ്പോള്‍ അന്‍വറിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലും വിഭിന്നസ്വരമാണ്. ഒരുമിച്ച് നിന്നുള്ള മാധ്യമ പ്രതികരണത്തിലാണ് രണ്ടഭിപ്രായങ്ങള്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയത്.
ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെയുടെ എന്‍.കെ.സുധീറിന് പിന്തുണ നല്‍കണം എന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടത്. പകരം പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഈ ആവശ്യത്തോടു രൂക്ഷമായാണ് സതീശന്‍ പ്രതികരിച്ചത്. “ഈ ഉപാധി വെറും തമാശ, അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതി.” സതീശന്‍ പറഞ്ഞു. വയനാട്ടില്‍ അന്‍വര്‍ പിന്തുണച്ചില്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വിഷമിച്ചു പോകുമല്ലോ എന്ന കടുത്ത പരിഹാസവും ചൊരിഞ്ഞു.
എന്നാല്‍ സതീശന് ഒപ്പം നിന്ന് മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ ഭിന്നസ്വരമാണ് പ്രകടിപ്പിച്ചത്. അന്‍വറുമായുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. പ്രതിപക്ഷ നേതാവ് സംസാരിച്ചിട്ടുണ്ട്. നെഗറ്റീവായും പോസിറ്റീവായും പ്രതികരിച്ചിട്ടില്ല. അന്‍വര്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. ഞങ്ങളുമായി സഹകരിക്കട്ടെ. അൻവറിനായി വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്.
സുധാകരന്റെയും സതീശന്റെയും പ്രതികരണം വന്നതിന് പിന്നാലെ അന്‍വറും രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പുകള്‍ കാണാന്‍ പോകുന്ന പൂരമല്ലേ.. അത് കഴിഞ്ഞ് ബാക്കി പറയാം.- അന്‍വര്‍ പറഞ്ഞു. യുഡിഎഫുമായി ഇനി ചര്‍ച്ചയിലെന്നും അന്‍വര്‍ വ്യക്തമാക്കി. എന്തായാലും തല്‍ക്കാലം കോണ്‍ഗ്രസ് -പി.വി.അന്‍വര്‍ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here