ചുറ്റും നിറഞ്ഞ് വിവാദങ്ങള്‍; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം; അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ വരുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അടുത്ത ആഴ്ച തന്നെ പ്രഖ്യാപനമുണ്ടായേക്കും. ഇതോടെ മുന്നണികളും തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ നിര്‍ണ്ണയകമാണ് ഉപതിരഞ്ഞഞെടുപ്പ്. എന്നാല്‍ രാഷ്ട്രീയമായി ലഭിച്ചിട്ടുളള മേല്‍ക്കൈയുടെ ആവേശത്തിലാണ് യുഡിഎഫ് ക്യാംപ്.

ചേലക്കര സീറ്റ് നിലനിര്‍ത്തുക എന്നത് മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. വയനാട് സിപിഐ ആണ് മത്സരിക്കുന്നത്. പാലക്കാട് ആകട്ടെ സിപിഎമ്മിന് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ചേലക്കര നിലനിര്‍ത്തുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും കടുത്ത ആരോപണങ്ങളുടെ നിഴലില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നീറുന്ന അവസ്ഥയില്‍. അന്‍വര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മാത്രമല്ല സിപിഎം നേരിടുന്ന പ്രശ്‌നം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും അതിനെ ലഘൂകരിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ പുറത്തുവന്ന പിആര്‍ ഏജന്‍സി വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയിലെ സിപിഎമ്മിന്റെ സ്വീകാര്യതയെ കുറച്ചിട്ടുണ്ട്. അത് കൃത്യമായി അറിയാവുന്നതും സിപിഎമ്മിന് തന്നെയാണ്.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്നത് കടുത്ത ഭരണവിരുദ്ധ വികാരമാണ്. ഒപ്പം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിലും വലിയ എതിര്‍പ്പുണ്ട്. ആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം അലങ്കോലമാക്കല്‍, തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ക്ക് പോലും എതിര്‍പ്പുണ്ട്. വിവാദങ്ങള്‍ക്ക് മറുപടി പറയാതെ ചിരിച്ചൊഴിഞ്ഞ മുഖ്യമന്ത്രിയുടെ രക്ഷപ്പെടലും വലിയ ചര്‍ച്ചായാകുന്നുണ്ട്.

കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഈ തിരിച്ചടികളെ മറികടക്കാനാണ് സിപിഎം നീക്കം. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ജില്ലാ കമ്മറ്റികള്‍ക്ക് സിപിഎം നിര്‍ദേശം എത്തിക്കഴിഞ്ഞു. ഒപ്പം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വെളളിയാഴ്ചത്തെ സെക്രട്ടറിയേറ്റില്‍ തുടക്കമിടും. ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ ഉള്ള മികച്ച സ്ഥാനാര്‍ഥികളെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനുള്ള ആലോചനകളാണ് നടക്കുന്നത്. ചേലക്കരയില്‍ മുന്‍ എംഎല്‍എ യുആര്‍ പ്രദീപിന്റെ പേരാണ് പരിഗണിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രദീപ് 2021ല്‍ കെ രാധാകൃഷ്ണനായി മാറി നിന്നിരുന്നു. 1996 മുതല്‍ സിപിഎം കൈവശം വച്ചിരിക്കുന്ന മണ്ഡലമാണ് ചേലക്കര. അതില്‍ 2016ല്‍ ഒഴികെ എംഎല്‍എയായിരുന്നത് കെ രാധാകൃഷ്ണനും. ഏറെ ജനകീയ ഇമേജുള്ള നേതാവാണ് കെ രാധാകൃഷ്ണന്‍. സിപിഎമ്മിന്റെ ദളിത് മുഖവും. അതുകൊണ്ട് തന്നെയാണ് ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ 20ല്‍ 19 ഇടത്തും തോറ്റിട്ടും ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ചത്. പാലക്കാട്ട് ഡിവൈഎഫ് നേതാവ് വസീഫിനെ ഇറക്കാനാണ് ആലോചന. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സിപിഎം. അതില്‍ മാറ്റം ഉണ്ടാകുമെന്ന് പാലക്കാട്ടെ സിപിഎമ്മിന് പോലും വിശ്വാസമില്ല. വസിഫിനെ പോലെ ഒരു ന്യൂനപക്ഷ സ്ഥാനാര്‍ഥി മത്സരിച്ചാല്‍ അത് മത്സര ഫലത്തെ സ്വാധീനിക്കുന്ന ഒന്നാകും എന്ന് മാത്രമേയുളളൂ.

കോണ്‍ഗ്രസാകട്ടെ അമിത ആത്മവിശ്വാസത്തിലാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഓരോ ദിവസവും തങ്ങള്‍ക്ക് അനുകൂലമായി മാറുന്നു എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളാണ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥിയെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. രാഹുലിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കക്ക് ലഭിക്കുമോ എന്ന് മാത്രമേ അറിയാനുള്ളു. എന്നാല്‍ പാലക്കാട്ടും ചേലക്കരയിലും അതല്ല സ്ഥിതി. സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കം പൂര്‍ത്തിയാക്കാനുണ്ട്. പാലക്കാട് ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥി മോഹികള്‍ കുപ്പായം തുന്നിയിട്ടുണ്ട്.

പാലക്കാട് സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണ് മണ്ഡലം ഒഴിഞ്ഞ ഷാഫി പറമ്പില്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുതന്നെയാണ് താലപ്പര്യം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇതില്‍ എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യതയില്ല. എന്നാല്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഈ നീക്കത്തോട് എതിര്‍പ്പുണ്ട്. കെപിസിസി സോഷ്യല്‍ മീഡിയാസെല്‍ ചെയര്‍മാന്‍ പി.സരിനായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിന് ചേലക്കരയില്‍ ഒരവസരം നല്‍കുന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

2021ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഇ ശ്രീധരനെ രംഗത്തിറക്കി മികച്ച പ്രകടനമാണ് ബിജെപി പാലക്കാട് കാഴ്ചവച്ചത്. രണ്ടാമത് എത്തിയ ബിജെപി ഗണ്യമായ രീതിയില്‍ വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപി പരിഗണനയിലുള്ളത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കൃഷ്ണകുമാറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആലത്തൂരില്‍ മത്സരിച്ച ടിഎന്‍ സരസു ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും എന്നാണ് വിവരം.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണം എന്നതില്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണോ എന്നതിലാണ് ആലോചന. അന്തിമ തീരുമാനം ദേശീയ നേതൃത്വം തന്നെയാകും എടുക്കു. സിപിഐയും വയനാട് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ആനിരാജ വീണ്ടും മത്സരിക്കാനുളള സാധ്യത കുറവാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top