പിണറായിയുടെ എതിരാളിക്ക് മടുത്തു; പുതിയ താവളം നാളെ പ്രഖ്യാപിക്കുമെന്ന് സി.രഘുനാഥ്

കണ്ണൂർ: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസിൽ നിന്നും രാജിവച്ച ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥ്. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഭാവി പരിപാടികൾ ഒപ്പം നിൽക്കുന്നവരോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും രഘുനാഥ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നാളെ തീരുമാനം പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്. കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയും ഡിസിസിയുമായുള്ള അഭിപ്രായ ഭിന്നതയും കാരണമാണ് രഘുനാഥ് കഴിഞ്ഞ ദിവസം രാജിവച്ചത്. ഡിസിസി യോഗത്തിന് എത്തിയ തന്നെ കയ്യേറ്റം ചെയ്തു. ധർമ്മടത്ത് സംഘടിപ്പിച്ച കോൺഗ്രസിൻ്റെ കുറ്റവിചാരണ സദസിൽ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്നും രഘുനാഥ് പറഞ്ഞു.

കെ.സുധാകരൻ നിർബന്ധിച്ചത് കൊണ്ട് ഗതികെട്ടാണ് താൻ ധർമ്മടത്ത് മത്സരിക്കാനിറങ്ങിയത്. സുധാകരൻ പാർട്ടി പ്രസിഡൻ്റാകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെക്കൊണ്ട് പാർട്ടിക്ക് ഒരു ഉപയോഗവുമില്ല. മനസ് മടുത്തിട്ടാണ് താൻ പാർട്ടി വിടുന്നത്. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. പാർട്ടിയിൽ സുധാകരന് ഇന്ന് വേണ്ടത്ര സ്വാധീനമില്ല. കോൺഗ്രസിൽ അഞ്ച് ഗ്രൂപ്പാണ് ഇന്നുള്ളതെന്നും സി.രഘുനാഥ് കുറ്റപ്പെടുത്തി.

സി. രഘുനാഥിൻ്റെ ആരോപണങ്ങളെ തള്ളി കണ്ണൂർ ഡിസിസിയും രംഗത്തെത്തി. രഘുനാഥിന് സ്ഥാപിത താല്പര്യം കാണുമെന്നും അദ്ദേഹത്തിൻ്റെ ലക്ഷ്യം വേറെയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പാർട്ടിക്കെതിരെ നിലപാടുകൾ സ്വീകരിച്ചപ്പോഴും തിരുത്തി ഒപ്പം നിർത്താനാണ് ശ്രമിച്ചത്. കുറ്റവിചാരണ സദസിൽ പങ്കെടുപ്പിച്ചില്ലെന്നാണ് ഒരു പരാതി. ഡിസിസി നടത്തുന്ന പരിപാടിയിൽ പ്രത്യേകം ക്ഷണിക്കേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Also Read: നികേഷ് കുമാറിനെ ഇ.ഡി. ചോദ്യംചെയ്തു; റിപ്പോർട്ടർ ടിവി എഡിറ്റർക്ക് കുരുക്കായത് ഫെമ ലംഘനം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top