രാജ്യത്ത് സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വ രേഖകള്‍ കൈമാറി; കേന്ദ്ര നീക്കം സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

ഡല്‍ഹി: ഇന്ത്യയില്‍ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കി. 14 പേര്‍ക്കാണ് പൗരത്വം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രദ്ധേയമായ നീക്കമാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. 2019-ലാണ് പാർലമെന്റില്‍ നിയമം പാസാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് മാർച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരിൽ നിന്നുള്ളവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. 2014 ഡിസംബർ 13-ന് മുന്‍പ് ഇന്ത്യയിൽ എത്തിയവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ നിയമം നടപ്പാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും പറഞ്ഞത്.

സിഎഎ മുസ്ലീങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പ്രതിപക്ഷം മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top