പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അപേക്ഷകൾ ഉടന്‍ സ്വീകരിച്ച് തുടങ്ങും
ഡൽഹി: 2019ൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ സ്വീകരിച്ച് തുടങ്ങും.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി മതവിഭാഗത്തിൽപ്പെട്ടവർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിം വിഭാഗക്കാർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. അപേക്ഷിക്കുന്നവരിൽ നിന്ന് യാതൊരു രേഖയും ആവശ്യപ്പെടില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷയിൽ വ്യക്തമാക്കണം. പൂർണമായും ഓൺലൈനായാണ് നടപടികളെല്ലാം.
2019ൽ പാർലമെന്റ് പാസാക്കിയ നിയമം 2020 ജനുവരിയിൽ നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല. നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നേരത്തെ മുതൽ ഉയർന്നിരുന്നു. നിയമം നടപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകൾ ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനിടയിലാണ് വിജ്ഞാപനം വരുന്നത്. കേരളവും ബംഗാളും നിയമം നടപ്പിലാക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. .
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here