സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കല്‍ വേഗത്തിലാക്കും; ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഡിജിപി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കോടതിയില്‍ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിഎഎ നിയമം കേന്ദ്രം വിജ്ഞാപനം ചെയ്തതിന് പിന്നാലെ കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കാത്തതിൽ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിഎഎ പ്രധാന പ്രചാരണ വിഷയമായി ഉയര്‍ത്താനാണ് സിപിഎം തീരുമാനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ കോടതിയില്‍ തന്നെ ഇല്ലാതായി. കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണം പിന്‍വലിക്കാൻ സര്‍ക്കാര്‍ ഇതിനോടകം സമ്മതം നല്‍കിയിട്ടുണ്ട്. ഈ കേസുകളിലാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പോലീസ് ഉറപ്പാക്കേണ്ടത്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top