സിഎഎക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ വീണ്ടും പോലീസ് കേസ്; മ്യൂസിയം സ്റ്റേഷനിലെടുത്ത കേസിനെതിരെ പ്രതിഷേധം
![](https://www.madhyamasyndicate.com/wp-content/uploads/2024/03/caa-protest-new-2.jpg)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിജ്ഞാപനമിറങ്ങിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ പോലീസ് കേസെടുത്തു. 124 പേർക്കെതിരെയാണ് കേസ്. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണു നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാർക്കെതിരെ ചുമത്തിയത്.
വിജ്ഞാപനമിറങ്ങിയതിന് തൊട്ടുപിന്നാലെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ട്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊല്ലം ചിന്നക്കടയിൽ പന്തം കൊളുത്തിയും ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ട്രെയിൻ തടഞ്ഞതിന് 40 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആർപിഎഫും കേസെടുത്തിട്ടുണ്ട്.
Also Read സിഎഎ വിരുദ്ധനിലപാട് പ്രഖ്യാപിക്കുമ്പോഴും കേസുകള്‍ പിന്‍വലിക്കാതെ പിണറായി സര്‍ക്കാര്‍; ഇപ്പോഴും തുടരുന്നത് 700ലധികം കേസുകള്‍; ജലരേഖയായി വാഗ്ദാനങ്ങൾ https://www.madhyamasyndicate.com/anti-caa-protest-cases-kerala-pinarayi-vijayan/
മുന്‍പ് നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പോലീസ് വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 700ലധികം കേസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. 835 കേസുകളില്‍ 59 എണ്ണം മാത്രമാണ് പിന്‍വലിച്ചത്. കേസുകള്‍ എല്ലാം പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പിണറായി സർക്കാർ പ്രഖ്യാപിച്ചതാണ്. ആഭ്യന്തരവകുപ്പ് ഉത്തരവുമിറക്കിയിട്ടുണ്ട്. പക്ഷെ ഇതിനുള്ള നടപടികളെടുത്തിട്ടില്ല. ഈ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്കും നേരെയും കേസെടുത്തത്.
സിഎഎ വിജ്ഞാപനം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്. പക്ഷെ പ്രതിഷേധത്തിന്റെ പേരില്‍ മുന്‍പുള്ള കേസുകള്‍ പിന്‍വലിച്ചില്ലെന്ന് മാത്രമല്ല പുതുതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തും തുടങ്ങിയിട്ടുണ്ട്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here