സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമം നടപ്പിലാക്കും
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിയമം പാസാക്കി നാല് വര്‍ഷമായിട്ടും സിഎഎയ്ക്കായുള്ള ചട്ടങ്ങള്‍ കൊണ്ടുവന്നിട്ടില്ല. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കുന്നത് അസാധ്യമാണ്.
ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും അതിനുശേഷം നിയമം രാജ്യത്ത് നടപ്പാക്കാന്‍ കഴിയുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിയമം നടപ്പാക്കുന്നതോടെ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാണ്. പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ല.
രാജ്യത്ത് നടന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം (സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ആക്റ്റ്-സി.എ.എ) പാര്‍ലമെന്റില്‍ പാസാക്കിയത്. നിയമം പാസാക്കിയ ശേഷവും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര്‍ 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
സിഎഎ നടപ്പാക്കുന്നത് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് 2023 ഡിസംബര്‍ 27-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു. സിഎഎ നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here