സിഎഎ എന്തു വന്നാലും പിന്‍വലിക്കില്ല; നിയമം ബിജെപിയുടെ പ്രഖ്യാപിത അജന്‍ഡ; നിലപാട് ആവര്‍ത്തിച്ച് അഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേതഗതി നിയമത്തില്‍ (സിഎഎ) യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് പൗരത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിനാല്‍ സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യതയില്ലെന്ന് അവര്‍ക്കു തന്നെ അറിയാം. അതിനാലാണ് അധികാരത്തിലെത്തിയാല്‍ നിയമം പിന്‍വലിക്കുന്നതെന്ന് പറയുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
രാജ്യത്തെമ്പാടും പൗരത്വ ഭേതഗതി നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ഇതോടെ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഇല്ലാതാകുമെന്നും അമിത ഷാ അവകാശപ്പെട്ടു. ഈ നിയമം ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നില്ല. ഉചിതവും ന്യായവുമായ തരംതിരിക്കലാണ് നടക്കുന്നത്. വിഭജനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള അവസരം കൂടിയാണിത്. അതിനാല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കില്ലെന്നും ഷാ പറഞ്ഞു.
സിഎഎ കൊണ്ടുവരുമെന്നും അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നതും 2019ലെ പ്രകടനപത്രികയിലെ ബിജെപിയുടെ അജന്‍ഡയായിരുന്നു. പൗരത്വ ഭേതഗതി ബില്‍ ഇരുസഭകളും പാസാക്കിയാതോടെ ആ വാഗ്ദാനം നിറവേറ്റി. കോവിഡ് കാരണമാണ് വിഞ്ജാപനം വൈകിയത്. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്നതിന് മുന്‍പ് തന്നെ അജന്‍ഡ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് വിമര്‍ശനം ശരിയല്ല. ഈ നിയമം നാല് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കുറഞ്ഞത് 40 തവണയെങ്കിലും പല വേദികളിലായി പറഞ്ഞിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് രാജ്യത്തെത്തിയ മുസ്ലീംകള്‍ ഒഴികെയുള്ളവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here