ബെംഗളൂരുവിൽ പ്രഭാതനടത്തത്തിനിടെ യുവതിയെ ആക്രമിച്ചയാളെ പിടികൂടി; പ്രതി കാബ് ഡ്രൈവറെന്ന് പോലീസ്

ബെംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. കാബ് ഡ്രൈവർ സുരേഷ് (25) ആണ് പൊലീസ് പിടിയിലായത്. ”കോർപ്പറേറ്റ് ജോലിക്കാരെ അവരുടെ ജോലിസ്ഥലത്തേക്കും തിരിച്ച് താമസ സ്ഥലത്തേക്കും പതിവായി കൊണ്ടുപോകുന്ന കാബ് ഡ്രൈവറാണ് പ്രതി. യുവതി ഒറ്റയ്ക്ക് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആക്രമിക്കാൻ ശ്രമിച്ചത്. കൂടുതൽ അന്വേഷണം നടക്കുകയാണ്,” ഡിസിപി (സൗത്ത്) ലോകേഷ് ഭരമപ്പ ജഗലസർ പറഞ്ഞു.
കൃഷ്ണനഗറിൽ പുലർച്ചെ 5 മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രഭാത നടത്തത്തിനായി അയൽവാസിയെ കാത്തുനിൽക്കുകയായിരുന്നു 34 കാരിയായ യുവതി. ഇതിനിടയിലാണ് സുരേഷ് യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയത്. യുവതി അവഗണിച്ചപ്പോൾ പുറകിൽനിന്നും കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി വീണ്ടും കടന്നു പിടിച്ചു. യുവതി ബഹളംവെച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു. അതിനുശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
40 സെക്കൻഡോളം യുവതിയെ സുരേഷ് ആക്രമിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here