കൊച്ചിക്ക് ആശ്വാസം; ബി.പി.സിഎല്ലിന്റെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നു

തിരുവനന്തപുരം : കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ പുതിയ ജെവമാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നു. ബി.പി.സി.എല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ ഭൂമി ഇതിനായി ബി.പി.സി.എല്ലിന് കൈമാറും.

ഇവിടെ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാകും സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബി.പി.സി.എല്‍ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഈ തുക പൂര്‍ണമായും ബി.പി. സി. എല്‍ ആണ് വഹിക്കുക. പ്ലാന്റ് നിര്‍മ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. 15 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും. 7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യ പ്രശ്‌നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പരിഹാരമാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top