മന്ത്രിസ്ഥാനം മോഹിച്ച് എല്‍ജെഡിയും കുഞ്ഞുമോനും; എന്‍സിപിയിലും പൊട്ടിത്തെറി; പുന:സംഘടന കുരുക്കാകും

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുന്നിലുള്ളത് കാറും കോളും മാത്രം. ഇടതുമുന്നണി മുന്‍ധാരണയനുസരിച്ചുള്ള മന്ത്രിസഭാ വികസനം തന്നെ വൈതരണിപോലെയാണ് മുന്നിലുള്ളത്. പാര്‍ട്ടിയിലെ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങളുമെല്ലാം തന്നെ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പിടിച്ചുകുലുക്കുകയാണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ എത്തുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ റോളില്‍ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. കോടിയേരിയുടെ കാലത്തുള്ളതുപോലെ കാര്യങ്ങള്‍ നിലവില്‍ സുഗമമല്ല എന്നതും പാര്‍ട്ടിയെ അലട്ടുന്നുണ്ട്. ഇതിന്നിടയില്‍ തന്നെയാണ് സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുരുക്കിയതാണെന്നുള്ള സിബിഐ റിപ്പോര്‍ട്ട് മാധ്യമ സിന്‍ഡിക്കറ്റ് പുറത്ത് വിടുന്നത്. നിനച്ചിരിക്കാതെ വന്ന സോളാര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉലയുമ്പോള്‍ തന്നെയാണ് മന്ത്രിസഭാ പുന:സംഘടന പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും മുന്നിലേക്ക് വരുന്നത്.

രണ്ടാമൂഴം വന്നപ്പോള്‍ മുന്നണിയിലെ ചെറുപാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം ഊഴംവെച്ച് മന്ത്രിസഭാ പ്രവേശനം നല്‍കാനാണ് തീരുമാനമായത്. ഇപ്പോള്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിസഭ അഴിച്ചു പണിയേണ്ട അവസ്ഥയിലാണ്. ചെറുപാര്‍ട്ടികളില്‍ ആദ്യം മന്ത്രിസ്ഥാനം ലഭിച്ചത് ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനും കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിനുമായിരുന്നു. അടുത്ത ഊഴം കേരള കോണ്‍ഗ്രസ് (ബി)യുടെ കെ.ബി ഗണേഷ് കുമാറിനും കോണ്‍ഗ്രസി (എസ്) ന്റെ കടന്നപ്പള്ളി രാമചന്ദ്രനുമാണ്.

ഇടതുമുന്നണി തീരുമാനമായതിനാല്‍ മന്ത്രിസ്ഥാനം വെച്ച് മാറേണ്ടി വരും. അതേസമയം വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, വനംമന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനും നീക്കമെന്നും സൂചനയുണ്ട്. ഗണേഷ് കുമാര്‍ ഗതാഗതവകുപ്പ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഈ ഘട്ടത്തില്‍ തന്നെയാണ് പുതിയ ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നതും. ഒരു എംഎല്‍എ സ്ഥാനമുള്ള ഐഎന്‍എലിനും കേരള കോണ്‍ഗ്രസിനും മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ മുന്നണിയിലുള്ള എല്‍ജെഡിയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. ഇപ്പോള്‍ പുന:സംഘടന വരുമ്പോള്‍ എല്‍ജെഡിയും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ജെഡിയുടെ ആവശ്യത്തെ അങ്ങനെ തള്ളാന്‍ ഇടതുമുന്നണിയ്ക്കോ സിപിഎമ്മിനോ കഴിയുകയുമില്ല.

എല്‍ജെഡിയ്ക്ക് ഒപ്പം ആര്‍എസ്പിയുടെ വിഘടിത വിഭാഗമായ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു രംഗത്തുണ്ട്. ഇതൊക്കെ തന്നെ തലവേദനയായി തുടരുമ്പോഴാണ് എന്‍സിപിയിലെ പ്രശ്നങ്ങളും തലവേദനയാകുന്നത്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിയെ മാറ്റാമെന്ന് എന്‍സിപി പാര്‍ട്ടി തലത്തില്‍ ധാരണയുണ്ട്. ഇപ്പോള്‍ രണ്ടര വര്‍ഷം എത്തുമ്പോള്‍ എന്‍സിപിയുടെ രണ്ടാമത് എംഎല്‍എയായ തോമസ്‌ കെ തോമസും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. രണ്ടര വര്‍ഷം പൂര്‍ത്തിയായ മുറയ്ക്ക് എന്‍സിപി ദേശീയ നേതൃത്വം കത്ത് നല്‍കുമെന്നാണ് ഇന്നു കെ.കെ.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പ്രതികരിച്ചത്. എന്‍സിപിയിലെ ആഭ്യന്തര പ്രശ്നമാണെങ്കിലും ഒരു തീരുമാനം എടുക്കേണ്ടത് സിപിഎം തന്നെയാണ്. മുന്നണിയിലെ പ്രശ്നം ഇങ്ങനെ തുടരുമ്പോഴാണ് സിപിഎം മന്ത്രിമാരുടെ പ്രശ്നങ്ങളും പാര്‍ട്ടിയ്ക്ക് മുന്നിലുള്ളത്.

വീണ ജോര്‍ജിനെ സ്പീക്കറാക്കി എ.എന്‍.ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകളും സിപിഎമ്മിനുള്ളില്‍ നടന്നുവരുന്നുവെന്നാണ് പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്നുള്ള സൂചനകള്‍. സിപിഎം മന്ത്രിമാരെ മാറ്റാന്‍ സാധ്യതയുണ്ടെങ്കില്‍ കാര്യമായ അഴിച്ചു പണി തന്നെ മന്ത്രിസഭയില്‍ ഉണ്ടാകാനാണ് സാധ്യത. മന്ത്രിയാക്കുന്നത് സംബന്ധിച്ച് ഒരറിവുമില്ലെന്നും മാധ്യമ വാര്‍ത്തകളില്‍ നിന്നുള്ള വിവരം മാത്രമാണ് എന്നുമാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top